തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ശക്തമായ ‘കള്ളക്കടൽ’ പ്രഭാവത്തിന് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന മുന്നറിയിപ്പ് നൽകി.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വിവിധ ദിവസങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ:
- ഓഗസ്റ്റ് 20: സോമാലിയ, ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് കിഴക്കൻ & മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ കാറ്റ് ശക്തമാകും.
- ഓഗസ്റ്റ് 20, 22, 23: ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യത.
- ഓഗസ്റ്റ് 21, 22: സോമാലിയ, ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ & മധ്യ കിഴക്കൻ അറബിക്കടൽ മേഖലകളിൽ കാറ്റ് വീശിയടിക്കും.
- ഓഗസ്റ്റ് 21: മധ്യ കിഴക്കൻ & തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിൽ മോശം കാലാവസ്ഥയായിരിക്കും.
- ഓഗസ്റ്റ് 23, 24: മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ മേഖലകളിൽ പ്രതികൂല കാലാവസ്ഥ തുടരും.
- ഓഗസ്റ്റ് 24: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാറ്റിന് സാധ്യത.
- ഓഗസ്റ്റ് 20 മുതൽ 24 വരെ: ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ തീയതികളിൽ നിർദ്ദിഷ്ട സമുദ്രമേഖലകളിൽ മത്സ്യബന്ധനം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ ഭൂപടം പരിശോധിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
