Home Keralaസംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, നിർദ്ദേശങ്ങളുമായി കാലാവസ്ഥാ വകുപ്പ്

by news_desk
0 comments

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 23 മുതൽ 25 വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഓഗസ്റ്റ് 23-ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ വടക്കൻ ജില്ലകളിലാണ് അലർട്ട്. 24-ാം തീയതി അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ:

  • മലയോര-താഴ്ന്ന മേഖലകൾ: മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലുള്ളവർ പകൽ സമയത്ത് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. വെള്ളക്കെട്ട് പതിവായ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ മുൻകൂട്ടി തയ്യാറാക്കിയ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാവണം.
  • വീടുകളുടെ സുരക്ഷിതത്വം: അടച്ചുറപ്പില്ലാത്തതോ മേൽക്കൂര ബലമില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അപകട സാധ്യത മുന്നിൽ കണ്ട് അധികൃതരെ ബന്ധപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
  • മരങ്ങളും ബോർഡുകളും: അപകടാവസ്ഥയിലുള്ള മരങ്ങൾ കോതി ഒതുക്കാനും, പോസ്റ്റുകളും ഹോർഡിംഗുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും പൊതുജനങ്ങളും അധികൃതരും ശ്രദ്ധിക്കണം.
  • ജലാശയങ്ങൾ: മഴ ശക്തമാകുമ്പോൾ നദികൾ മുറിച്ചുകടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.
  • യാത്രാ നിയന്ത്രണം: അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. വിനോദസഞ്ചാര കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായും ഒഴിവാക്കണം. ജലാശയങ്ങളോട് ചേർന്ന റോഡുകളിലും പണി നടക്കുന്ന റോഡുകളിലും പോകുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തണം.
  • തീരദേശ ജാഗ്രത: കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ആവശ്യമായ ഘട്ടങ്ങളിൽ മാറി താമസിക്കുകയും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമാക്കുകയും വേണം.
  • ക്യാമ്പുകൾ: തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകൾ ഏതാണെന്നും അങ്ങോട്ടുള്ള സുരക്ഷിതമായ വഴികൾ ഏതാണെന്നും റവന്യൂ-തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് മുൻകൂട്ടി മനസ്സിലാക്കി വെക്കുക.

You may also like