Home Keralaഷൗക്കത്തിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങൾ; ഫിറ്റ്‌നസ് നിഷേധിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യം

ഷൗക്കത്തിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങൾ; ഫിറ്റ്‌നസ് നിഷേധിച്ചതിൽ അന്വേഷണം വേണമെന്ന് ആവശ്യം

by news_desk1
0 comments

മലപ്പുറം: ഓട്ടോയ്ക്ക് ഫിറ്റ്‌നസ് ലഭിക്കാത്തതിനെ തുടർന്ന് മലപ്പുറത്ത് വാഹന ഉടമ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആത്മഹത്യയ്ക്ക് മുമ്പ് കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഏജന്റിനെ ഒഴിവാക്കി നേരിട്ട് അപേക്ഷിച്ചതിനാലാണ് തനിക്കെതിരെ വിവേചനപരമായ സമീപനം ഉണ്ടായതെന്നും അഴിമതിക്ക് വഴങ്ങാത്തതിനുള്ള ശിക്ഷയായാണ് ഫിറ്റ്‌നസ് നിഷേധിച്ചതെന്നും ഷൗക്കത്ത് ആരോപിച്ചിരുന്നു.

അഞ്ച് വർഷം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. മഞ്ചേരി ഗ്രാൻഡ് ഓട്ടോ ഷോറൂമിൽ നിന്ന് പുതിയ ഓട്ടോ വാങ്ങിയ ഷൗക്കത്തിന് കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിൽ നിന്ന് വാഹനത്തിന്റെ രേഖകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും പോസ്റ്റൽ വഴി ലഭിച്ചിരുന്നു. രണ്ട് വർഷത്തിന് ശേഷം ഫിറ്റ്‌നസ് കാലാവധി അവസാനിച്ചതോടെ സുഹൃത്തുക്കളുടെ നിർദേശപ്രകാരം എംവിഡി ഏജന്റിനെ സമീപിച്ചു.

സർക്കാർ ഫീസിന് പുറമെ 2,000 രൂപ നൽകിയാൽ വാഹനം കാണിച്ച് ഫിറ്റ്‌നസ് നൽകാമെന്നും 4,000 രൂപ നൽകിയാൽ വാഹനം കാണിക്കാതെ തന്നെ ഫിറ്റ്‌നസ് ലഭിക്കുമെന്നും ഏജന്റ് പറഞ്ഞതായി ഷൗക്കത്ത് ആരോപിച്ചിരുന്നു. തുടർന്ന് 2,000 രൂപ നൽകി വാഹനം കാണിച്ച് ഫിറ്റ്‌നസ് നേടിയെന്നും പിന്നീട് അഴിമതിക്ക് വഴങ്ങേണ്ടെന്ന നിലപാടിൽ നേരിട്ട് ഫിറ്റ്‌നസിന് അപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊണ്ടോട്ടി ആർടിഒ ഓഫീസിന് സമീപത്തെ കോമൺ സർവീസ് സെന്റർ വഴിയാണ് അപേക്ഷ നൽകിയത്. 2025 നവംബർ 13ന് ഫിറ്റ്‌നസ് പരിശോധനയ്ക്കായി വാഹനവുമായി ഹാജരായി. മറ്റ് വാഹനങ്ങൾ പരിശോധിക്കാനെത്തിയവർക്കൊപ്പം ഏജന്റുമാർ ഉണ്ടായിരുന്നെങ്കിലും തന്റെ വാഹനത്തിൽ മാത്രം ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയെന്നാണ് ഷൗക്കത്തിന്റെ ആരോപണം. പെയിന്റിലെ ചെറിയ ഡോട്ടുകൾ ചൂണ്ടിക്കാട്ടി വീണ്ടും പെയിന്റ് ചെയ്യാൻ നിർദേശിച്ചെന്നും പിന്നീട് വാഹനത്തിലെ സൈഡിലെ സ്റ്റീൽ കമ്പി മുഴുവൻ മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, ഇതേ സ്റ്റീൽ വർക്ക് ഉണ്ടായിരുന്ന വാഹനത്തിന് മുമ്പ് രണ്ട് തവണ എംവിഡി ഫിറ്റ്‌നസ് അനുവദിച്ചിരുന്നുവെന്നും പിന്നീട് അതേ കാരണത്താൽ ഫിറ്റ്‌നസ് നിഷേധിച്ചെന്നുമാണ് ഷൗക്കത്തിന്റെ പരാതി. തുടർന്ന് കൊണ്ടോട്ടി എംവിഐയെ നേരിൽ കണ്ട് പരാതി അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഫിറ്റ്‌നസ് ലഭിക്കുന്നതിനായി മലപ്പുറം ജില്ലയിലെ വിവിധ എംവിഡി ഏജന്റുമാരെയും ഡ്രൈവിങ് സ്‌കൂൾ അധികൃതരെയും ഷൗക്കത്ത് സമീപിച്ചിരുന്നു. നേരിട്ട് അപേക്ഷിച്ചതിനാൽ ഇടപെടാൻ കഴിയില്ലെന്ന് ചില ഏജന്റുമാർ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു. തന്റെ വാഹന നമ്പർ ഏജന്റുമാരിലേക്ക് എത്തിയതായുള്ള ആരോപണവും ഉയർത്തിയിരുന്നു.

തുടർന്നുള്ള മാസങ്ങളിൽ ഫിറ്റ്‌നസ് ലഭിക്കാത്തതിനെ തുടർന്ന് എംവിഡി ഓഫീസിൽ നിരവധി തവണ കയറിയിറങ്ങിയെങ്കിലും കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് പരാതി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

10 മാസമായി ഫിറ്റ്‌നസ് ലഭിക്കാതിരുന്നതിനാൽ ഓട്ടോയുടെ ടാക്‌സി പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ കാലാവധിയും അവസാനിച്ചിരുന്നു. തൊഴിൽ ചെയ്ത് ഉപജീവനം നടത്താനുള്ള സാഹചര്യം നഷ്ടപ്പെട്ടതും വാഹനത്തിന്റെ ഇഎംഐ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ പ്രതിസന്ധിയിലായതുമാണ് ഷൗക്കത്തിനെ ഏറെ ദുരിതത്തിലാക്കിയത്. ഇതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നത്.

സംഭവത്തിൽ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. മുമ്പ് ഇതേ വാഹനത്തിന് ഫിറ്റ്‌നസ് അനുവദിച്ചത് എങ്ങനെയെന്നും ഇപ്പോൾ അതേ സ്റ്റീൽ വർക്കിന്റെ പേരിൽ ഫിറ്റ്‌നസ് നിഷേധിച്ചത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണമെന്നാണ് ആവശ്യം. മലപ്പുറം ജില്ലയിലെ സമാന സ്റ്റീൽ വർക്കുള്ള മറ്റ് ഓട്ടോകൾക്ക് ഫിറ്റ്‌നസ് നൽകുന്നതിനുള്ള മാനദണ്ഡവും വ്യക്തമാക്കണം. സ്റ്റീൽ വർക്ക് നിയമവിരുദ്ധമാണെങ്കിൽ മുമ്പ് ഫിറ്റ്‌നസ് അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമോയെന്നും അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യം.

ഷൗക്കത്തിന്റെ വാഹനവും സമാന സ്റ്റീൽ വർക്ക് ഉള്ള മറ്റ് വാഹനങ്ങളും ശാസ്ത്രീയ, ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും വാഹനപരിശോധന നടത്തിയ ഉദ്യോഗസ്ഥന്റെ പേരും തിരിച്ചറിയൽ വിവരങ്ങളും പുറത്തുവിടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ആഭ്യന്തര വകുപ്പ് മന്ത്രി, വിജിലൻസ് ഡയറക്ടർ, മോട്ടോർ വാഹന വകുപ്പ് അധികൃതർ എന്നിവർക്ക് പരാതി നൽകിയതായും അറിയുന്നു. എംവിഡിയിലെ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഏജന്റ് സംവിധാനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കൈക്കൂലി വാങ്ങി വാഹനങ്ങൾക്ക് ഫിറ്റ്‌നസ് അനുവദിക്കുന്നുണ്ടെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യമുണ്ട്. മുമ്പ് ഫിറ്റ്‌നസ് അനുവദിച്ച വാഹനങ്ങളും ഇപ്പോൾ ഫിറ്റ്‌നസ് നിഷേധിച്ച വാഹനങ്ങളും ഒരേ മാനദണ്ഡത്തിൽ പരിശോധിക്കണമെന്നും എംവിഡി ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും ആവശ്യപ്പെടുന്നു.

അതേസമയം, സംഭവത്തിൽ ഗതാഗത വകുപ്പ് മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. ട്രാൻസ്‌പോർട്ട് കമ്മീഷണറോടാണ് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഷൗക്കത്തിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രണ്ട് ദിവസം മുമ്പ് ഷൗക്കത്ത് ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

എംവിഡിയുടെ അനാസ്ഥയാണ് ഷൗക്കത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് കിഴിശ്ശേരി നഗരത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചു. തൊഴിലാളി സംഘടനകൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ ടി.പി. അഷ്‌റഫ് അലിയും രംഗത്തെത്തി. നേരത്തെ ഇത്തരമൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും എംവിഡി ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നെന്നും എംഎൽഎ വ്യക്തമാക്കി.

വാഹനത്തിൽ അപാകതകൾ ചൂണ്ടിക്കാണിച്ചെന്നാണ് ഉദ്യോഗസ്ഥർ നൽകിയ പ്രാഥമിക വിശദീകരണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ കുറവുമൂലം ഫിറ്റ്‌നസ് പരിശോധന വിവിധ സ്‌ക്വാഡുകളാണ് നടത്തുന്നതെന്നും ഏത് സ്‌ക്വാഡാണ് വാഹനം പരിശോധിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.

കാലതാമസമില്ലാതെ ജനങ്ങൾക്ക് സേവനം ലഭ്യമാക്കുക എന്നതായിരിക്കണം സർക്കാർ ഓഫീസുകളുടെ മുഖമുദ്രയെന്നും ഫിറ്റ്‌നസ് പരിശോധനയ്ക്ക് കേരള നിയമത്തിന് പുറമെ കേന്ദ്ര നിയമവും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാർക്ക് സംതൃപ്തമായ രീതിയിൽ സേവനം നൽകുന്ന ഓഫീസുകളായി സർക്കാർ സ്ഥാപനങ്ങൾ മാറണമെന്നും ഇടനിലക്കാർ വഴി മാത്രം സേവനം ലഭിക്കുന്ന രീതി ശരിയല്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. സിസ്റ്റം നന്നാകണമെന്നാണ് ഷൗക്കത്ത് ആവശ്യപ്പെട്ടതെന്നും ആ ആവശ്യത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like