Home Kerala‘യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു; വിശദമായ കണക്കുകൾ പുറത്തുവിടും’; ബേപ്പൂർ തോൽവിയിൽ പി.വി. അൻവർ

‘യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു; വിശദമായ കണക്കുകൾ പുറത്തുവിടും’; ബേപ്പൂർ തോൽവിയിൽ പി.വി. അൻവർ

by news_desk1
0 comments

കോഴിക്കോട്: ബേപ്പൂരിലെ തോൽവിയിൽ വീണ്ടും പ്രതികരണവുമായി പി.വി. അൻവർ. യുഡിഎഫ് കേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്നും ചിലയിടങ്ങളിൽ വോട്ട് ചോർച്ച ഉണ്ടായെന്നും ആരോപിച്ചാണ് അൻവറിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. ബേപ്പൂരിൽ വിജയിക്കാനായില്ലെങ്കിലും തന്റെ സ്ഥാനാർഥിത്വം മലബാറിന് ഗുണം ചെയ്തെന്നും അദ്ദേഹം അവകാശപ്പെട്ടു.

തോൽവി സംഭവിച്ചതാണോ, അതോ തന്നെ തോൽപ്പിച്ചതാണോ എന്ന ചോദ്യത്തോടെയാണ് അൻവർ കുറിപ്പ് ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ തന്നെ അപകടം ബോധ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫറോക്ക് മുനിസിപ്പാലിറ്റി, രാമനാട്ടുകര മുനിസിപ്പാലിറ്റി, ചെറുവണ്ണൂർ–നല്ലളം മേഖല എന്നിവിടങ്ങളിൽ നിന്ന് വോട്ട് ചോർന്നത് വ്യക്തമായി കാണാമെന്നാണ് അൻവറിന്റെ ആരോപണം. ഈ മേഖലകളിൽ നിന്ന് ഇടതുപക്ഷ കേന്ദ്രങ്ങളിൽ ലഭിച്ച വോട്ടുകളാണ് പരാജയത്തിന്റെ ആഘാതം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിലും കടലുണ്ടിയിലും വോട്ട് ചോർന്നെങ്കിലും ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നുള്ള വോട്ടുകൾ ലഭിച്ചതിനാൽ അത് പ്രകടമായി കാണാൻ കഴിയുന്നില്ലെന്നും അൻവർ വ്യക്തമാക്കി.

ഇടതുപക്ഷ കേന്ദ്രങ്ങളിൽ പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളാണ് പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതെന്നും ഫോം 20 കൃത്യമായി വിശകലനം ചെയ്താൽ ഇക്കാര്യം മനസ്സിലാകുമെന്നും അൻവർ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിനെതിരായ ആരോപണവും അൻവർ ആവർത്തിച്ചു. ചില യുഡിഎഫ് പ്രവർത്തകർ വേണ്ടത്ര സഹകരിച്ചില്ലെന്നും വിതരണം ചെയ്യാത്ത നോട്ടീസുകളും ഒട്ടിക്കാത്ത പോസ്റ്ററുകളും ചില കേന്ദ്രങ്ങളിൽ കണ്ടെത്തിയെന്നും അദ്ദേഹം ആരോപിച്ചു.

‘ബേപ്പൂരിലെ ലീഡ് കുറച്ചാൽ ബാക്കി ഞങ്ങൾ നോക്കും’

ബേപ്പൂരിലെ ലീഡ് കുറച്ചാൽ ബാക്കി പ്രദേശങ്ങളുടെ കാര്യം യുഡിഎഫ് നേതൃത്വം നോക്കിക്കൊള്ളാമെന്ന് ഉറപ്പ് നൽകിയിരുന്നതായി അൻവർ പറഞ്ഞു. തന്റെ വാക്ക് പാലിച്ചെന്നും ബേപ്പൂരിലെ ഭൂരിപക്ഷം 29,000ൽ നിന്ന് ഏകദേശം 5,000ത്തിലേക്ക് കുറയ്ക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് ഭരിക്കുന്ന ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിൽ പ്രതീക്ഷിച്ച ലീഡ് ലഭിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെയെന്നും അൻവർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തും ജില്ലയിലും യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ, എംഎൽഎ ജയന്ത്, സി.എൻ. വിജയകൃഷ്ണൻ തുടങ്ങിയവരുടെ ഇടപെടലും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് അൻവർ പറഞ്ഞു.

‘മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താനുള്ള വോട്ട് ഞാൻ സംഘടിപ്പിക്കും, എന്നാൽ നമുക്ക് വിജയിക്കാനുള്ള വോട്ട് നിങ്ങൾ സംഘടിപ്പിക്കണം’ എന്നാണ് അന്ന് യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞതെന്നും അദ്ദേഹം കുറിച്ചു.

‘ഒറ്റയാൾ പോരാട്ടമായി നേതൃത്വം നൽകി’

അവസാന നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ ഇടതുപക്ഷ സ്ഥാനാർഥി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും യുഡിഎഫിന്റെ ഭാഗത്തുനിന്നുള്ള പോരാട്ടത്തിന്റെ വലിയൊരു ഉത്തരവാദിത്വം തനിക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നുവെന്ന് അൻവർ പറഞ്ഞു.

പരാതികളൊന്നും പറയാതെ ഒറ്റയാൾ പോരാട്ടമായി തെരഞ്ഞെടുപ്പ് നയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ഥാനാർഥിയെന്ന നിലയിൽ സംസ്ഥാനത്ത് മറ്റാരും നടത്തിയതിലേറെ തവണ മണ്ഡലത്തിൽ പര്യടനം നടത്തിയെന്നും ഇടതുപക്ഷത്തിന് ശക്തിയുള്ള ബേപ്പൂരിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നും അൻവർ പറഞ്ഞു.

നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പൂർണ പിന്തുണ തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നിയോജകമണ്ഡലം നേതൃത്വം ‘ബേപ്പൂരിലെ ലീഡ് കുറച്ചാൽ ബാക്കി പ്രദേശങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം’ എന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘പിണറായിസവും മരുമോനിസവും ചർച്ചയായി’

പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം പിണറായിസം, മരുമോനിസം, കുടുംബാധിപത്യം തുടങ്ങിയ വിഷയങ്ങൾ സംസ്ഥാനതലത്തിൽ ചർച്ചയാക്കാൻ സഹായിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബേപ്പൂരിൽ തനിക്കെതിരെ ഉയർന്ന വെല്ലുവിളിയുടെ സാഹചര്യത്തിൽ മുഹമ്മദ് റിയാസിന് സമീപ മണ്ഡലങ്ങളിലേക്കുപോലും ശ്രദ്ധ തിരിക്കാൻ കഴിഞ്ഞില്ലെന്നും ഇതിന്റെ ഗുണം കോഴിക്കോട് ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ യുഡിഎഫ് വിജയങ്ങൾക്ക് ലഭിച്ചെന്നും അൻവർ പറഞ്ഞു. ഇതിലൂടെ മലബാറിനാകെ ഗുണമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപര സ്ഥാനാർഥികൾ ഉണ്ടായിരുന്നത് തനിക്കായിരുന്നുവെന്നും നാലുപേർ ചേർന്ന് 1,469 വോട്ടുകൾ നേടിയെന്നും അൻവർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെ പ്രചാരണത്തിന് ബേപ്പൂർ തെരഞ്ഞെടുത്തതും ചൂണ്ടിക്കാട്ടി. ബിജെപിക്ക് വർധിച്ച വോട്ടുകൾ കൂട്ടത്തോടെ എതിർ സ്ഥാനാർഥിക്ക് ലഭിച്ച സാഹചര്യമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി, യുവ സംഘടനകൾ, മറ്റ് ബഹുജന സംഘടനകൾ എന്നിവ ആവശ്യപ്പെട്ട സഹായങ്ങളും സൗകര്യങ്ങളും പരമാവധി നൽകിയെന്നും അൻവർ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിൽ നടത്തിയ യാത്രയിൽ വിതരണം ചെയ്യാത്ത നോട്ടീസുകളും ഒട്ടിക്കാത്ത പോസ്റ്ററുകളും കണ്ടെത്തിയത് ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക നേതൃത്വത്തെ അവരുടെ വീടുകളിലെത്തി കണ്ടെന്നും അപ്പോൾ അവർ തന്നോട് മനസുതുറന്ന് സംസാരിച്ചെന്നും അൻവർ പറഞ്ഞു.

താൻ ബേപ്പൂരിലെത്തിയ ദിവസം മുതൽ വോട്ടെണ്ണൽ വരെ ഉറക്കവും ഊണും ഉപേക്ഷിച്ച് യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിച്ച യൂത്ത് കോൺഗ്രസിലെയും യൂത്ത് ലീഗിലെയും പ്രവർത്തകരോട് ‘നമ്മൾ ജയിക്കും’ എന്ന് പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വിശദമായ കണക്കുകൾ പുറത്തുവിടും’

ഈ വിഷയത്തിൽ ഇനി ഒന്നും പറയേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ചില വെളിപ്പെടുത്തലുകളും മാധ്യമവാർത്തകളും കാരണം പ്രതികരിക്കേണ്ടി വന്നതാണെന്ന് അൻവർ പറഞ്ഞു.

വരുന്ന ദിവസങ്ങളിൽ ബേപ്പൂർ മണ്ഡലത്തിലെ 215 ബൂത്തുകളിലെ വിശദമായ കണക്കുകളും, വോട്ട് ചോർന്ന കേന്ദ്രങ്ങൾ, അതിന് പിന്നിലെ വഴികൾ, സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളും പുറത്തുവിടുമെന്ന് പി.വി. അൻവർ അറിയിച്ചു.

‘വീണ്ടും കാണാം’ എന്ന കുറിപ്പോടെയാണ് അൻവർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

You may also like