Home Kerala24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: സർക്കാരും കെജിഎംഒഎയും സമവായത്തിൽ

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: സർക്കാരും കെജിഎംഒഎയും സമവായത്തിൽ

by news_desk1
0 comments

കൊച്ചി: സർക്കാർ ആശുപത്രികളിൽ മുഴുവൻ സമയ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നതിൽ സർക്കാരും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും തമ്മിൽ സമവായമായി. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാനും സർക്കാർ ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കെജിഎംഒഎയുടെ എതിർപ്പിൽ ആരോഗ്യമന്ത്രി നേരത്തെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കാനുള്ള തീരുമാനത്തിൽ ആവശ്യമായ ഒഴിവുകൾ നികത്തണമെന്നും കൂടുതൽ നിയമനം നടത്തണമെന്നുമായിരുന്നു കെജിഎംഒഎയുടെ നിലപാട്. ആവശ്യത്തിന് ഡോക്ടർമാർ സിസ്റ്റത്തിനുള്ളിലുണ്ടെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് സ്പെഷ്യലിസ്റ്റുകളെ പുനർവിന്യസിച്ച് പദ്ധതി നടപ്പാക്കാമെന്നുമായിരുന്നു സർക്കാർ നിലപാട്.

ചർച്ചയ്ക്ക് പിന്നാലെ ഒഴിവുകൾ നികത്താനും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാനും സർക്കാർ ഉറപ്പ് നൽകി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കുമ്പോൾ അവരുടെ സമ്മതം തേടും. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്ക് പകരം ഡോക്ടർമാരെ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്ക് പ്രത്യേക അലവൻസ് നൽകണമെന്ന കെജിഎംഒഎയുടെ ആവശ്യവും പരിഗണിക്കും.

പ്രശ്നപരിഹാരമായതോടെ പുനലൂർ ആശുപത്രിയിൽ പദ്ധതി ഉടൻ പൂർണതോതിൽ ആരംഭിക്കും. ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, സർജറി വിഭാഗങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ മുഴുവൻ സമയവും ഓരോ സ്പെഷ്യലിസ്റ്റിന്റെ സേവനം ലഭ്യമാകും. രാത്രി 8 മുതൽ ഓൺ-കോൾ ഡ്യൂട്ടിയിലൂടെയും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കും.

You may also like