തിരുവനന്തപുരം: ‘കേരള’ എന്നത് ‘കേരളം’ എന്ന് മാറ്റുന്നതിന്റെ പേരിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കേണ്ടതില്ലെന്ന് സർക്കാർ. നിലവിലുള്ള പേപ്പറുകളും ഫയലുകളും ഉപേക്ഷിക്കാതെ മഷി ഉപയോഗിച്ച് ആവശ്യമായ അക്ഷരം ചേർത്ത് തിരുത്താമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു.
ഓഫീസ് നെയിം ബോർഡുകൾ, ഫലകങ്ങൾ, സൂചനാ ബോർഡുകൾ എന്നിവ പേരുമാറ്റത്തിന്റെ പേരിൽ മാറ്റി സ്ഥാപിക്കേണ്ടതില്ല. പേരുമാറ്റത്തിന് മാത്രമായി സർക്കാർ പണം ചെലവഴിക്കരുതെന്നും സർക്കുലറിൽ നിർദേശമുണ്ട്.
കേന്ദ്രസർക്കാർ പേരുമാറ്റവുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടി. ശനിയാഴ്ചയാണ് ചീഫ് സെക്രട്ടറി സർക്കുലർ പുറത്തിറക്കിയത്. ‘കേരള’ എന്ന് രേഖപ്പെടുത്തിയ ലെറ്റർഹെഡ്, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ എന്നിവ നിലവിലെ സ്റ്റോക്ക് തീരുന്നതുവരെ ഉപയോഗിക്കാം. അച്ചടിച്ച സ്റ്റേഷനറി സാമഗ്രികളിൽ മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തൽ വരുത്തിയാൽ മതിയാകും.
നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതിയതായി അച്ചടിക്കുകയോ വേണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക മുദ്രകളും റബ്ബർ സ്റ്റാമ്പുകളും മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ നിലവിലുള്ളവ തന്നെ ഉപയോഗിക്കാം.
സാങ്കേതികമായി സാധ്യമാകുന്നിടത്ത് ആവശ്യമായ അധിക അക്ഷരം ചേർത്ത് പേര് തിരുത്താം. സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ സർക്കാർ വെബ്സൈറ്റുകളിലും പേര് മാറ്റം വരുത്താമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.
