കണ്ണൂർ: പയ്യന്നൂർ മാത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രതികരണവുമായി വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎ. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളിയെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ഈ വിലയിരുത്തൽ നിഷേധിച്ച് ഒരു പോളിറ്റ് ബ്യൂറോ അംഗം പരസ്യമായി നിലപാടെടുക്കുന്നത് ശരിയാണോ എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിണറായി വിജയനോ കണ്ണൂർ ജില്ലാ നേതൃത്വമോ വസ്തുതാപരമായ മറുപടി നൽകുന്നുണ്ടോയെന്നും കുഞ്ഞിക്കൃഷ്ണൻ ചോദിച്ചു. തന്നെ ‘കോടാലിക്കൈ’ എന്നും ‘വർഗവഞ്ചകൻ’ എന്നും വിളിക്കുന്നതല്ലാതെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ പാർട്ടിക്ക് കഴിയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തലിൽ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളിയെന്നാണ് പറയുന്നത്. എന്നാൽ ഇതിന് വിരുദ്ധമായാണ് ഇപ്പോൾ പിബി അംഗം തന്നെ പരസ്യമായി പ്രതികരിക്കുന്നത്. ഇത് ശരിയാണോ എന്ന് പാർട്ടി നേതൃത്വവും അണികളും പരിശോധിക്കണം. എല്ലാവരെയും എല്ലാക്കാലത്തേക്കും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
ഏകദേശം 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർഥിയെ മറികടന്ന് ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചത്. അതുകൊണ്ടുതന്നെ പിണറായി സ്വീകരിച്ച നിലപാട് പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്നതാണെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള എന്തെങ്കിലും വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടോയെന്നും കുഞ്ഞിക്കൃഷ്ണൻ ചോദിച്ചു. തന്നെ അധിക്ഷേപിക്കുന്നതിനപ്പുറം വസ്തുതാപരമായി എന്തെങ്കിലും പറയാൻ പാർട്ടിക്ക് കഴിയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചതു മുതൽ തനിക്ക് നേരെ അക്രമം നടക്കുകയാണെന്നും കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചു. ഇത്തരം നടപടികൾ എല്ലാക്കാലത്തും വിലപ്പോകില്ല. ആര് ആരെ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾക്ക് ഒരു നിലപാടുണ്ട്. അക്രമഭീഷണി കൊണ്ട് തന്റെ നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകാൻ തയ്യാറല്ലെന്നും വി. കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.
