Home Keralaസീനിയർ ക്ലർക്ക് ആശാലതയുടെ മരണം; എഡിഎം അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം

സീനിയർ ക്ലർക്ക് ആശാലതയുടെ മരണം; എഡിഎം അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം

by news_desk1
0 comments

കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയ സംഭവത്തിൽ എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി കുടുംബം. ജോലി സ്ഥലത്തെ സമ്മർദം തന്നെയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പ്രതികരിച്ചു. ബന്ധുക്കളോട് പലതവണ ആശാലത ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് സഹോദരൻ നിജിത് പറയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി കുടുംബത്തിന്റെ മൊഴിയെടുത്തിട്ടില്ലെന്ന് ഭർത്താവ് അജയനും ആരോപിക്കുന്നു. ഓഫീസിൽ താൻ ഒറ്റപ്പെട്ടുവെന്ന് മരിക്കുന്നതിന് മുമ്പ് ആശാലത തന്നോട് പറഞ്ഞിരുന്നുവെന്നും അജയൻ പറയുന്നു. എന്നാൽ, സ്ഥലംമാറ്റമോ ഓഫീസിലെ സമ്മർദമോ അല്ല ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.

ആശാലതയുടെ ആത്മഹത്യയിൽ ആദ്യഘട്ടത്തിൽ തന്നെ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. റവന്യൂ വകുപ്പിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലംമാറ്റിയതിൽ വലിയ മാനസിക പ്രയാസം അവർ നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. രാഷ്ട്രീയ പ്രേരിതമായ സ്ഥലംമാറ്റമായിരുന്നെന്നും ഓഫീസിൽ താൻ ഒറ്റപ്പെടുന്നുവെന്നും ആശാലത പറഞ്ഞിരുന്നതായി കുടുംബം ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജില്ലാ കളക്ടർ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. കാസർകോട് എഡിഎമ്മിനായിരുന്നു അന്വേഷണ ചുമതല.

ഇന്ന് കളക്ടർക്ക് സമർപ്പിക്കാനിരിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥരെ വെള്ളപൂശുകയാണെന്നാണ് കുടുംബത്തിന്റെ വിമർശനം. ആശാലതയുടെ വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കുടുംബം പറയുന്നു.

കൂടാതെ, ആശാലത വിഷം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന ഘട്ടത്തിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലും ഓഫീസിൽ താൻ ഒറ്റപ്പെട്ടിരുന്നുവെന്നും അത് തന്റെ മാനസിക നിലയെ ബാധിച്ചെന്നും അവർ പറഞ്ഞതായി പൊലീസ് രേഖകളിലുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു.

You may also like