ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന രണ്ടാംഘട്ട പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്ക്രോച്ച് ജനതാ പാർട്ടി സുപ്രീംകോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർമന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുന്നതടക്കമുള്ള ഉറപ്പുകളെ തുടർന്നാണ് നടപടി.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിൽ ഉറച്ചുനിൽക്കുമെന്ന് സുപ്രീംകോടതിയെ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതെന്ന് സിജെപി വ്യക്തമാക്കി. ഇതിനിടെ, സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീംകോടതി റദ്ദാക്കി.
കേന്ദ്ര സർക്കാരിന്റെ ഹർജിയിലാണ് നടപടി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേർക്കെതിരായ കേസുകൾ തുടരും. ഡൽഹി, മഹാരാഷ്ട്ര, ബിഹാർ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് റദ്ദാക്കിയത്. സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടാത്ത മറ്റ് കേസുകളിലെ നടപടികളും അവസാനിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സിജെപിക്ക് നൽകിയ വാക്ക് പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ നടപടിയിൽ സംതൃപ്തിയുണ്ടെന്ന് സിജെപി സഹകൺവീനർ സൗരവ് ദാസ് പറഞ്ഞു. സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായാണ് പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിശദീകരണം സിജെപി നൽകിയത്. സിജെപിയുടെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യ കാന്ത് സ്വാഗതം ചെയ്തു.
ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് സെപ്റ്റംബർ 5ന് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് 24നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിലും തുടർന്ന് നടത്തിയ പുനഃപരീക്ഷയുമായി ബന്ധപ്പെട്ടും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങളും, സമരത്തിനിടെ പൊലീസ് അതിക്രമം നേരിട്ടവരും മാർച്ചിന് നേതൃത്വം നൽകുമെന്ന് സിജെപി വ്യക്തമാക്കിയിരുന്നു.
