തിരുവനന്തപുരം: കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന. സിസിടിവി ടെൻഡറിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ടെൻഡർ രേഖകൾ പരിശോധിച്ച സംഘം, ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ നടപടികൾ സ്വീകരിച്ചെന്ന പരാതിയിലാണ് പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അഞ്ച് ജില്ലകളിലെ കേരള ബാങ്ക് ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ ഒരു കമ്പനിക്ക് മാത്രം കരാർ ലഭിക്കുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടത്തിയെന്നായിരുന്നു പരാതി.
കേരള ബാങ്കിന്റെ 823 ശാഖകളിൽ 317 എണ്ണത്തിലും സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടെൻഡർ ക്ഷണിച്ചത്. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും നിർദേശത്തെ തുടർന്നാണ് നടപടിയെന്നും ടെൻഡറിൽ വ്യക്തമാക്കിയിരുന്നു. ഉച്ചയോടെയാണ് വിജിലൻസ് പരിശോധന ആരംഭിച്ചത്.
കേരള ബാങ്ക് ആസ്ഥാനത്ത് പരിശോധന നടക്കുന്നതായി ഇപ്പോഴാണ് അറിഞ്ഞതെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു പ്രതികരിച്ചു. സിസിടിവി ക്യാമറ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നതെന്നും പരാതി ലഭിച്ചാൽ അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
സഹകരണ മേഖലയെ അഴിമതിമുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് ജീവിതം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രതിസന്ധിയിലുള്ള സഹകരണ ബാങ്കുകളുടെ കണക്കെടുത്തിട്ടുണ്ടെന്നും നഷ്ടമുണ്ടായതിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡയറക്ടർ ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതിയാണ് നഷ്ടത്തിന് കാരണമെന്നാണ് മന്ത്രിയുടെ ആരോപണം. അഴിമതി നടത്തിയവരെയും അതിന് കൂട്ടുനിന്നവരെയും സർക്കാർ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരായ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ ക്രിമിനൽ കേസോ സിവിൽ കേസോ എടുത്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ സ്വത്തുക്കൾ പിടിച്ചെടുക്കുമെന്നും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ മേഖലയെ സമ്പൂർണമായി അഴിമതിമുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
