Home Top Stories‘19-ാം നൂറ്റാണ്ടിലെ ചിന്തകൾ 21-ാം നൂറ്റാണ്ടിൽ വേണ്ട’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

‘19-ാം നൂറ്റാണ്ടിലെ ചിന്തകൾ 21-ാം നൂറ്റാണ്ടിൽ വേണ്ട’; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരല്ലെന്നും കാന്തപുരത്തിന്റെ പ്രസ്താവനയോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയോട് കേരള സർക്കാരിനോ തങ്ങളുടെ പാർട്ടിക്കോ ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചതായും പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടുമെന്നാണ് അറിയിച്ചത്. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന പട്ടികകളാണ് നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് മൂന്ന് പുതിയ എൻഡിപിഎസ് കോടതികൾ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട്, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലാണ് കോടതികൾ അനുവദിച്ചിരിക്കുന്നത്. ഇവിടെ 33 പേരെ പുതുതായി നിയമിക്കുമെന്നും ജീവനക്കാരുടെ പ്രതിസന്ധിയുള്ള കോടതികളിൽ 11 പേരെ ഉടൻ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാഹനം ചേന്തി അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പുഷ്പാർച്ചനയ്ക്ക് ഇറങ്ങിയപ്പോൾ മോശമായി പെരുമാറിയെന്നും സംഭവത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ചേന്തി അനിലിനെ വ്യക്തിപരമായി അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തോടുള്ള സംസ്ഥാനത്തിന്റെ എതിർപ്പ് പ്രധാനമന്ത്രിയെ അറിയിക്കുമെന്നും റെയിൽവേ മന്ത്രിയെയും നേരിൽ കണ്ട് ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കാസർകോട് എംഡിഎംഎ കേസുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. ദേശാഭിമാനി, കൈരളി മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം പ്രകോപിതനായത്. ഇനിയും മിണ്ടിയാൽ ചോദ്യങ്ങൾക്ക് ഉത്തരം പറയില്ലെന്നും വാർത്താസമ്മേളനത്തിനിടെ താൻ സംസാരിക്കുമ്പോൾ ഇടയ്ക്ക് ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൂഫാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്നും കേരളത്തിലെ യുവാക്കളെ ലഹരിക്കെണിയിൽ നിന്ന് മുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like