മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്ന മാരക ലഹരി മരുന്ന് മലപ്പുറം വളാഞ്ചേരിയിൽ വിൽപ്പന നടത്തുന്നതായി കണ്ടെത്തൽ. ചെറിയ ബോട്ടിലിന് 1,500 മുതൽ 2,000 രൂപ വരെ വിലവരുന്ന ലഹരിയുടെ ഉപയോഗശേഷമുള്ള അവശിഷ്ടങ്ങൾ ലഹരി കേന്ദ്രത്തിൽ നിന്ന് കണ്ടെത്തി.
വളാഞ്ചേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരായി ഇതര സംസ്ഥാന തൊഴിലാളികളായ ചോട്ടു, മുൾജാർ, സദ്ദാം എന്നിവരെ അന്വേഷണത്തിൽ കണ്ടെത്തിയതായും, ഇവർക്ക് പുറമെ മറ്റ് സ്ലീപ്പർ വിൽപ്പനക്കാരും പ്രവർത്തിക്കുന്നുണ്ടെന്നുമാണ് വിവരം.
ശരീരത്തിലെത്തിയാൽ ആളുകളെ അടിമപ്പെടുത്തുന്ന തരത്തിലുള്ള ലഹരിയാണിതെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ബിനു കെ. ആർ. പറഞ്ഞു. ലഹരി ലഭിക്കാതെ വരുമ്പോൾ ദേഷ്യം, അപസ്മാരം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും ഇത് മനുഷ്യന്റെ കഴിവുകളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ കൃഷി ചെയ്യുന്ന ഇത്തരം ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതായും വിവരമുണ്ട്. വളാഞ്ചേരി നഗരത്തിൽ ലഹരി സംഘങ്ങളുടെ നിരവധി ഹോട്ട്സ്പോട്ടുകൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിക്കുന്നതിലും എത്തിച്ചുനൽകുന്നതിലും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്നതായാണ് വിവരം.
വാർത്ത പുറത്തുവന്നതിന് പിന്നാലെ ലഹരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് നഗരസഭ മുന്നറിയിപ്പ് നൽകി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ നഗരസഭ പരിശോധന നടത്തുകയും ചെയ്തു. രേഖകളില്ലാത്തവരെ കെട്ടിടങ്ങളിൽ താമസിപ്പിച്ചതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.
