ഡൽഹി: നീറ്റ്-യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറ്റുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ ആരംഭിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സുരക്ഷിതമായ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ സഹായം എൻടിഎ തേടി.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും പരീക്ഷകൾ കൂടുതൽ സുതാര്യമായി നടത്തുന്നതിനുമുള്ള സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമായാണ് നീറ്റ് പരീക്ഷ ഓൺലൈൻ അഥവാ സിബിടി രീതിയിലേക്ക് മാറ്റുന്നത്.
ഇതിന്റെ ഭാഗമായി സർക്കാർ നിയന്ത്രണത്തിലുള്ള എൻജിനീയറിങ് കോളേജുകൾ, പോളിടെക്നിക്കുകൾ, മറ്റ് സാങ്കേതിക-മാനേജ്‌മെന്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടർ, ഐടി അടിസ്ഥാനസൗകര്യങ്ങളുടെ വിശദാംശങ്ങൾ നൽകാൻ എഐസിടിഇ നിർദേശം നൽകി.
കമ്പ്യൂട്ടറുകളുടെയും സിസ്റ്റങ്ങളുടെയും എണ്ണം, ഇന്റർനെറ്റ് അധിഷ്ഠിത നെറ്റ്‌വർക്കിംഗ് സൗകര്യങ്ങളും വേഗതയും, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത, പവർ ബാക്കപ്പ്, യുഎപിഎസ് സൗകര്യങ്ങൾ, സിസിടിവി നിരീക്ഷണ സംവിധാനം, പരീക്ഷാകേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയുന്ന ഒഴിവുസ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് തേടിയിരിക്കുന്നത്.
ശേഖരിക്കുന്ന വിവരങ്ങൾ പ്രത്യേക ഫോർമാറ്റിൽ അതത് സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 15-നകം സമർപ്പിക്കണം. സ്വകാര്യ പരീക്ഷാകേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറച്ച് സർക്കാർ സ്ഥാപനങ്ങളിൽ സ്റ്റാൻഡേർഡ് ടെസ്റ്റിങ് സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ പരീക്ഷകളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് എൻടിഎയുടെ ലക്ഷ്യം.
