Home Top Storiesതൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; എട്ട് പേർക്ക് ദാരുണാന്ത്യം

തൃശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; എട്ട് പേർക്ക് ദാരുണാന്ത്യം

by news_desk1
0 comments

തൃശൂർ: കയ്പമംഗലത്ത് കാർ ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴ് പേരും വിദ്യാർഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു.

നിർമാണം നടക്കുന്ന ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് കാർ ഇടിച്ചുകയറിയത്. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം.

ഡിണ്ടിഗലിൽ നിന്നുള്ള കോളേജ് വിദ്യാർഥികളാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ ഉണ്ടായിരുന്നത്. സേലം സ്വദേശി വിശ്വം (20), ഡിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ഡിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. എല്ലാവരും പി.എസ്.എൻ.എ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികളാണ്.

അപകടത്തിന് ദേശീയപാത അതോറിറ്റിയുടെ വീഴ്ച കാരണമായെന്ന ആരോപണവും ഉയരുന്നുണ്ട്. കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ലെന്നും അനധികൃതമായി ലോറി പാർക്ക് ചെയ്തതുമാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലുണ്ട്. ലോറി അലക്ഷ്യമായാണ് നിർത്തിയിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

അമിതവേഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറിയതായി സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേശീയപാതയുടെ സ്പീഡ് ട്രാക്കിലായിരുന്നു ലോറി നിർത്തിയിരുന്നത്. വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നതും ഗുരുതര അനാസ്ഥയായാണ് ചൂണ്ടിക്കാണിക്കുന്നത്.

You may also like