Home Keralaസംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്; വേദി മാറ്റിയത് സൗകര്യക്കുറവ് മൂലമെന്ന് കായിക മന്ത്രി

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്; വേദി മാറ്റിയത് സൗകര്യക്കുറവ് മൂലമെന്ന് കായിക മന്ത്രി

by news_desk1
0 comments

സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കായിക മന്ത്രി ഒ.ജെ. ജനീഷ്. കണ്ണൂരിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്നും, കോഴിക്കോട്ടെ കൂടുതൽ സൗകര്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

കണ്ണൂർ ജില്ലയെ ബോധപൂർവം ഒഴിവാക്കിയെന്ന ആരോപണം മന്ത്രി തള്ളി. ഒരു സർക്കാർ എടുത്ത തീരുമാനം പിന്നീട് മറ്റൊരു സർക്കാർ മാറ്റാൻ പാടില്ലെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കായികമേളയുടെ വേദി മാറ്റിയ വിവരം അറിഞ്ഞില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കണ്ണൂരിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും, പരാതികൾ ഉണ്ടെങ്കിൽ അടുത്ത തവണത്തെ സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽ നടത്തുന്നത് പരിഗണിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടുത്ത കായികമേള കണ്ണൂരിൽ നടത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ഇതിന് വിരുദ്ധമായി ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കുമെന്ന് പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ചാത്തമംഗലം എൻ.ഐ.ടി. ഗ്രൗണ്ടാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ മുഖ്യവേദി.

You may also like