തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ കടുത്ത അതൃപ്തിയുമായി കെപിസിസി. സംഭവവികാസങ്ങളെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തുമെന്ന് നേതൃത്വം വ്യക്തമാക്കി. രമ്യ ഹരിദാസിനൊപ്പം ഉള്ള പാളയം പ്രദീപിനെതിരെയും ആലത്തൂരിൽ പരാതി ഉയർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്സി, എസ്ടി വകുപ്പുകൾ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തിയതിനെ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്നും, വസ്ത്രം വലിച്ചുകീറിയെന്നും കൈയിൽ പിടിച്ചെന്നും എംഎൽഎ ആരോപിച്ചു.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമായതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
