ചെങ്ങന്നൂർ: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിലെ ഇ.ഡി കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ അതിരൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായി ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്തോട് ഇ.ഡി നടപടികളെക്കുറിച്ച് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതാണ് രോഷാകുലനാക്കിയത്.
“പുറത്ത് നിൽക്കെടോ, എന്താ ബാത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രമൊഴിക്കാനാണ്, നിങ്ങളെ കാണാനല്ല” എന്നായിരുന്നു മാധ്യമപ്രവർത്തകർക്ക് നേരെ പിണറായി വിജയന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികരണങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല.
അതേസമയം, ഇ.ഡി കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിനും പ്രധാന നേതാക്കൾക്കുമെതിരെ കേസെടുക്കുന്ന കാര്യത്തിൽ തിരക്കിട്ട തീരുമാനങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. വിഷയം ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും നിയമോപദേശം തേടുന്നതിനുമായി സാവകാശം എടുത്ത ശേഷമായിരിക്കും അന്തിമ തീരുമാനം. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് (ഡി.ജി.പി) ഇതിനോടകം നിയമോപദേശം തേടിയിട്ടുണ്ട്.
പാർട്ടിയെ പ്രതിക്കൂട്ടിലാക്കി തകർക്കാനാണ് കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ഇ.ഡി നടപടികളെ ദേശീയതലത്തിൽ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിലെ ഇരട്ടത്താപ്പും, സി.എം.ആർ.എൽ മാസപ്പടി ഡയറിയിൽ യു.ഡി.എഫ് നേതാക്കളുടെ പേരുകൾ അടങ്ങിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനാണ് ഭ ഭരണപക്ഷത്തിന്റെ തീരുമാനം.
