തിരുവനന്തപുരം: 15നകം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കുമെന്നതിൽ ആശങ്ക തുടരുന്നു. വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും ലഭ്യതക്കുറവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ മാസം മുഴുവൻ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത.
ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചൊവ്വാഴ്ചത്തേതിനേക്കാൾ ഉയർന്ന് 95 ദശലക്ഷം യൂണിറ്റിലെത്തി. അതേസമയം കേന്ദ്ര നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞു. ജലവൈദ്യുതി ഉൽപാദനം കൂട്ടുകയും മധ്യപ്രദേശിൽ നിന്ന് 2.79 ദശലക്ഷം യൂണിറ്റ് വൈദ്യുതി കടമായി ലഭിക്കുകയും ചെയ്തെങ്കിലും ഈ ലഭ്യത എല്ലാ ദിവസവും ഉറപ്പാക്കാനാകില്ല.
24 മണിക്കൂറും 200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന മറ്റൊരു കരാറും നിലവിലുണ്ട്. എന്നാൽ വേനൽക്കാലത്ത് കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെയും 3.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി തിരിച്ചുനൽകി. ഈ മാസം മുഴുവൻ തിരിച്ചുനൽകിയാൽ മാത്രമേ കടം തീർക്കാനാകൂ എന്നതാണ് നിലവിലെ സ്ഥിതി.
അണക്കെട്ടുകളിൽ 63 ശതമാനം വെള്ളം മാത്രമുള്ളതിനാൽ ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ച് കടം വീട്ടാനും കഴിയുന്നില്ല. പീക്ക് സമയത്തെ ആവശ്യകത നേരിടാൻ ഹ്രസ്വകാല വൈദ്യുതി കരാറുകളും നിലവിലില്ല. ഇതിനിടെ ഇന്നലെയും 600 മെഗാവാട്ടിന് മുകളിൽ വൈദ്യുതി കുറവുണ്ടായി.
ഉച്ചയ്ക്ക് 12 മണിക്ക് ശേഷം 100 മെഗാവാട്ടിനും പകലും രാത്രിയും 25 മെഗാവാട്ടിനും വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകൾക്ക് അനുമതി തേടിയിരുന്നെങ്കിലും റെഗുലേറ്ററി കമ്മീഷൻ ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ആവശ്യപ്പെട്ട രേഖകൾ കെഎസ്ഇബി ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നാണ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നത്.
നിലവിലെ സാഹചര്യത്തിൽ കടുത്ത ചൂട് മാറി മികച്ച മഴ ലഭിക്കുകയോ വൈദ്യുതി ഉപഭോഗം കുറയ്ക്കുകയോ ചെയ്യേണ്ടിവരും. ഇതല്ലാതെ 15നകം വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നിലവിൽ വ്യക്തമായ മറ്റൊരു വഴി മുന്നിലില്ലെന്നതാണ് യാഥാർഥ്യം.
