തിരുവനന്തപുരം: 5,750 ബസുകളിൽ നിന്ന് 10,000 ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും സ്ഥാപനത്തെ വളർച്ചയുടെ പാതയിലേക്ക് നയിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് നൽകാൻ കഴിയുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരത്തിൽ വിട്ടുനൽകുന്ന സ്വകാര്യ ബസുകൾ കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകിയാണ് കെഎസ്ആർടിസി സർവീസ് നടത്തുക.
എംഎൽഎമാർക്കും സ്വന്തം നിയോജക മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നതിനായി ബസുകൾ വാങ്ങി നൽകാൻ പുതിയ പരിഷ്കാരങ്ങളിലൂടെ സാധിക്കും. ഇതുവഴി കൂടുതൽ ബസുകൾ നിരത്തിലിറക്കി സർവീസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വാട്സാപ്പ് നമ്പർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്. ഊബർ ആപ്പ് വഴി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉടൻ നിലവിൽ വരും.
ഇതിന് പുറമെ തുറമുഖ അധിഷ്ഠിത ചരക്കുനീക്ക സർവീസിലേക്കും കെഎസ്ആർടിസി കടക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തി കെഎസ്ആർടിസിയെ കൂടുതൽ ശക്തമായ സംവിധാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.
