തിരുവനന്തപുരം: കേരളത്തിൽ അടുത്തിടെ അനുഭവപ്പെട്ട അപ്രതീക്ഷിത മഴയ്ക്കും മലവെള്ളപ്പാച്ചിലിനും കാരണം മേഘവിസ്ഫോടനമല്ലെന്ന് ഐ.എം.ഡി. ചെറിയ പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴയാണ് നിലവിലെ സാഹചര്യത്തിന് കാരണമായതെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നിത കെ. ഗോപാൽ വ്യക്തമാക്കി.
മേഘവിസ്ഫോടനമായി വർഗീകരിക്കാവുന്ന അളവിൽ മഴ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, പരിമിതമായ പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിൽ മഴ ലഭിക്കുന്ന പ്രവണത കേരളത്തിൽ ഇപ്പോൾ പതിവായി മാറുകയാണെന്ന് നിത കെ. ഗോപാൽ പറഞ്ഞു.
അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നതും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദങ്ങളുടെ സാന്നിധ്യമുള്ളതുമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
വരും ദിവസങ്ങളിലും സമാനമായ രീതിയിൽ ചെറിയ പ്രദേശങ്ങളിൽ പെട്ടെന്ന് അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. മലവെള്ളപ്പാച്ചിൽ സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ജാഗ്രത പാലിക്കണമെന്നും നിത കെ. ഗോപാൽ ആവശ്യപ്പെട്ടു.
