Home Kerala‘പരസ്യവിചാരണ അനിവാര്യം, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യട്ടെ’; അഭിമന്യു വധക്കേസിൽ പ്രതികളുടെ രഹസ്യവിചാരണ ഹർജി കോടതി തള്ളി

‘പരസ്യവിചാരണ അനിവാര്യം, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യട്ടെ’; അഭിമന്യു വധക്കേസിൽ പ്രതികളുടെ രഹസ്യവിചാരണ ഹർജി കോടതി തള്ളി

by news_desk
0 comments

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ. കെ. ബാലകൃഷ്ണന്റേതാണ് നടപടി. പ്രതിഭാഗം ഉന്നയിച്ച തടസ്സവാദങ്ങളെല്ലാം നിഷ്കരുണം തള്ളിയാണ് കേസിന്റെ വിചാരണ ഒക്ടോബർ 15-ന് ആരംഭിക്കാൻ കോടതി ഉത്തരവിട്ടത്.

പരസ്യവിചാരണ നടത്തുന്നത് തങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, രഹസ്യവിചാരണ യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശക്തമായി വാദിച്ചു. വിചാരണ റിപ്പോർട്ട് ചെയ്യുക എന്നത് മാധ്യമപ്രവർത്തകരുടെ അവകാശമാണെന്നും അത് നിഷേധിക്കാൻ പാടില്ലെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വ്യക്തമാക്കി.

വിചാരണ കേൾക്കാൻ വിദ്യാർത്ഥികൾ എത്തിയാൽ പോലീസിന് അവരെ നിയന്ത്രിക്കാനാകുമെന്നും ജാമ്യത്തിലുള്ള പ്രതികളുടെ ചിത്രം കോടതിയിൽ വെച്ച് പകർത്താൻ ശ്രമിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദം തികച്ചും ബാലിശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിനുള്ളിൽ വെച്ച് അഭിമന്യു ക്രൂരമായി കൊല്ലപ്പെട്ടത്. ആകെ 16 പ്രതികളുള്ള ഈ ദാരുണ സംഭവത്തിൽ എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്.

You may also like