കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി ജയിലിൽ തുടരും. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജിയിൽ സർക്കാർ ശക്തമായ എതിർപ്പ് അറിയിച്ചു. ഹൈക്കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കും. തച്ചങ്കരി നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ്.
കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹർജിയിൽ രേഖാമൂലം എതിർപ്പ് അറിയിക്കാനുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഉന്നത പൊലീസ് പദവിയിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് തച്ചങ്കരിയെന്നും, സമൂഹത്തെ ബാധിക്കുന്ന കുറ്റകൃത്യമായതിനാൽ വിഷയം ലാഘവത്തോടെ കാണാനാകില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
മൂന്ന് വർഷത്തെ വരുമാനവും സ്വത്തുസമ്പാദനവും പരിശോധിച്ചപ്പോൾ വരുമാനത്തേക്കാൾ 52 ശതമാനത്തിലധികം അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കേസും പ്രതിയും പ്രത്യേക സ്വഭാവമുള്ളതിനാൽ സാധാരണ രീതിയിൽ പരിഗണിക്കാനാകില്ലെന്നും സർക്കാർ നിലപാടെടുത്തു.
ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് സർക്കാർ രേഖാമൂലം എതിർപ്പ് അറിയിക്കാൻ സമയം അനുവദിച്ചു. തച്ചങ്കരിയുടെ ഹർജി വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് വിശദമായി പരിശോധിക്കും.
അതേസമയം, വിചാരണക്കോടതി നടത്തിയ കണ്ടെത്തലുകൾ തെറ്റാണെന്നായിരുന്നു തച്ചങ്കരിയുടെ അഭിഭാഷകന്റെ വാദം. നാല് വർഷത്തെ തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥർ വരുമാനവും സ്വത്തുമായി ബന്ധപ്പെട്ട കണക്കുകൾ തെറ്റായി വിലയിരുത്തിയെന്ന വാദവും തച്ചങ്കരി ഹൈക്കോടതിയിലെ അപ്പീലിൽ ഉന്നയിച്ചിട്ടുണ്ട്.
2003 ജനുവരി 1 മുതൽ 2007 ജൂലൈ 4 വരെയുള്ള കാലയളവിൽ വരുമാനത്തിന് അനുപാതമില്ലാത്ത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്.
