തിരുവനന്തപുരം: കേരള-തമിഴ്നാട് അതിർത്തിയിലെ പത്തുകാണിയിലും പരിസര ആദിവാസി മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാകുന്നു. വനമേഖല വിട്ട് ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്നു. ഇന്നലെ പുലർച്ചെ കല്ലറവയൽ ആദിവാസി മേഖലയിലെത്തിയ കാട്ടാനകൾ കമുക്, തെങ്ങ് തുടങ്ങിയ നിരവധി വിളകൾ പിഴുതെറിഞ്ഞു. പ്രദേശവാസിയായ കൃഷ്ണൻകാണിയുടെ തോട്ടത്തിലാണ് കൂടുതൽ നാശനഷ്ടം. കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തുനിന്നെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ ആദായവിളകളും നശിപ്പിച്ചു.
കഴിഞ്ഞ രണ്ടുവർഷമായി കാട്ടാനശല്യം അസഹനീയമായി തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് കാഞ്ഞിരംപാറ സ്വദേശി രാജേഷിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. കൃഷിയിടത്തിലെത്തിയ ആനയെ വിരട്ടിയോടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി രക്ഷപ്പെടുന്നതിനിടെയായിരുന്നു ആക്രമണം.
കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയാൻ സോളാർ വേലികളും ശാശ്വത പ്രതിരോധ സംവിധാനങ്ങളും ഒരുക്കാൻ വനംവകുപ്പും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
