Home Kerala‘പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല’; വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്

‘പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല’; വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്

by news_desk1
0 comments

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നല്ലെന്ന് കായിക യുവജനകാര്യ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ സംസ്ഥാന മന്ത്രിയുടെ പേരിൽ ആ പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കുമെന്നതിനാൽ പോസ്റ്റ് ഒഴിവാക്കാൻ തന്റെ ഓഫീസ് നിർദേശം നൽകുകയായിരുന്നുവെന്നും ജനീഷ് വിശദീകരിച്ചു.

പോസ്റ്റ് പിൻവലിച്ച സമയത്ത് താൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനാലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടാതിരുന്നതെന്നും മന്ത്രി പറഞ്ഞു. അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധം അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനപ്രകാരമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്ന വാർത്തകളിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും ജനീഷ് അഭ്യർഥിച്ചു. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാർക്കെതിരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ തന്നെ വിമർശിക്കുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കേരളത്തിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും മടങ്ങിയതും അറിയാതെ ഉറക്കത്തിലായിരുന്നുവെന്നത് പരിഹാസ്യമാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

You may also like