തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6.20 മുതൽ രാത്രി 11 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുക. ഇന്ന് 550 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുന്ന എസ്എംഎസുകൾ ഉപഭോക്താക്കൾക്ക് എത്തിത്തുടങ്ങി.
മധ്യപ്രദേശിൽ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി രാത്രി ഒൻപത് മണിക്ക് ശേഷമേ ലഭിക്കൂ. അതേസമയം ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. റിയൽ ടൈം മാർക്കറ്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ മുതലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് മഴ ലഭിച്ചതോടെ വൈദ്യുതി ആവശ്യകത കുറഞ്ഞതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. ഇതിനിടെ സംസ്ഥാനത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലും വലിയ കുറവുണ്ടായി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി ചർച്ചകൾ നടത്തിയിട്ടും വൈദ്യുതി പ്രതിസന്ധിക്ക് കാര്യമായ അയവുണ്ടായിട്ടില്ലെന്നാണ് നിലവിലെ സാഹചര്യം. 300 മെഗാവാട്ട് വൈദ്യുതി കടംകൊടുക്കൽ അവസാനിച്ചതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ.
എന്നാൽ പ്രതിസന്ധി തുടരുകയാണെന്ന് കഴിഞ്ഞ ദിവസത്തെ വൈദ്യുതി നിയന്ത്രണം വ്യക്തമാക്കുന്നു. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ ഒന്നിലേറെ തവണ വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു.
