കണ്ണൂർ: മന്ത്രി ഒ.കെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണൂർ തളിപ്പറമ്പിലും പയ്യന്നൂരിലുമാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണമുണ്ടായതെന്നാണ് പരാതി. കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയതായും വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായും പരാതി ഉയർന്നു.
തളിപ്പറമ്പിൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് മന്ത്രിയുടെ വാഹനം തടഞ്ഞു. തുടർന്ന് വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമീപത്ത് പൊലീസുകാർ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആക്രമണത്തിന് പിന്നാലെയും മന്ത്രി ഇതേ വാഹനത്തിൽ യാത്ര തുടർന്നു. പിന്നീട് പയ്യന്നൂരിൽ വെച്ചും മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ കയ്യാങ്കളിയും ഉണ്ടായി.
ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് മന്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന വി.പി. അബ്ദുൽ റഷീദ് ആരോപിച്ചു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും ഒളിപ്പോരാളികളെ പോലെയാണ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘കൊല്ലെടാ ജനീഷിനെ’ എന്ന് പ്രതിഷേധക്കാർ ആക്രോശിച്ചതായും അബ്ദുൽ റഷീദ് ആരോപിച്ചു.
അതിനിടെ, ഇന്നലെ രാത്രി മന്ത്രി കെ.എം. ഷാജിയുടെ വാഹനവും യുവമോർച്ച പ്രവർത്തകർ തടഞ്ഞിരുന്നു. തിരുവനന്തപുരം വാൻറോഡ് പരിസരത്തായിരുന്നു സംഭവം. തുടർന്ന് മന്ത്രി ഓട്ടോറിക്ഷയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചെങ്കിലും ഓട്ടോറിക്ഷയും തടഞ്ഞതോടെ കാൽനടയായി പോകുകയായിരുന്നു.
സംഭവത്തിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
