Home Keralaമുണ്ടംവേലി ഫ്ലാറ്റ് നിർമാണം: ടിഡിഎൽസിക്ക് 2.48 കോടി അഡ്വാൻസ്; പരിശോധനയ്ക്ക് മുൻപേ ഫയൽ നീക്കി, ചെക്കായി തിടുക്കത്തിൽ പണം നൽകി

മുണ്ടംവേലി ഫ്ലാറ്റ് നിർമാണം: ടിഡിഎൽസിക്ക് 2.48 കോടി അഡ്വാൻസ്; പരിശോധനയ്ക്ക് മുൻപേ ഫയൽ നീക്കി, ചെക്കായി തിടുക്കത്തിൽ പണം നൽകി

by news_desk1
0 comments

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ടിഡിഎൽസിസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും ക്രമക്കേടുണ്ടായതായി രേഖകൾ. ലൈഫ് മിഷനിൽനിന്ന് ടിഡിഎൽസിക്ക് സ്ഥിരീകരണമില്ലാതെയാണ് 2.48 കോടി രൂപ നൽകിയത്. ഓഡിറ്റ് വിഭാഗത്തിന്റെ പ്രാഥമിക പരിശോധന പൂർത്തിയാകുന്നതിന് മുമ്പ് ഫയൽ അതിവേഗം നീക്കിയതായും രേഖകളിൽ പറയുന്നു.

ഓഡിറ്റ് വിഭാഗത്തിൽനിന്ന് അടിയന്തരമായി ഫയൽ നീക്കണമെന്ന് അന്നത്തെ ജിസിഡിഎ ചെയർമാൻ വി. സലീം നിർദേശിച്ചതായാണ് രേഖകളിലുള്ളത്. മിനിറ്റുകൾക്കകം ഫയൽ നീക്കിയതിനാൽ പ്രാഥമിക പരിശോധന നടത്താൻ കഴിഞ്ഞില്ലെന്ന് ജിസിഡിഎയുടെ നോട്ടിൽ ഓഡിറ്റിംഗ് സൂപ്രണ്ട് പരാമർശിച്ചിട്ടുണ്ട്.

അന്നുതന്നെ വലിയ തുക ഇ-പെയ്മെന്റ് ഒഴിവാക്കി തിടുക്കത്തിൽ ചെക്കായി നൽകിയതായും രേഖകളിൽ വ്യക്തമാണ്. കരാർ കമ്പനിയായ ടിഡിഎൽസിക്ക് പണം നൽകാനും ഫയൽ നീക്കാനും ചെയർമാൻ വി. സലീം തിടുക്കം കാണിച്ചതിന്റെ കാരണം എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.

മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ടിഡിഎൽസിക്ക് കരാർ നൽകിയതിലും ചട്ടലംഘനം നടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ലൈഫ് പദ്ധതിക്ക് കീഴിൽ മുണ്ടംവേലിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിനുള്ള പദ്ധതിയിൽ ആദ്യം ടിഡിഎൽസിയെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായാണ് നിയമിച്ചത്.

എന്നാൽ പിന്നീട് ഇതേ സ്ഥാപനത്തിന് തന്നെ ഫ്ലാറ്റിന്റെ നിർമാണ കരാറും നൽകുകയായിരുന്നു. നിർമാണത്തിന്റെ ഗുണനിലവാരം പരിശോധിക്കുക ഉൾപ്പെടെയുള്ള ചുമതല പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിക്കാണ്. അതേ സ്ഥാപനത്തിന് തന്നെ നിർമാണ കരാർ നൽകിയ നടപടി ചട്ടലംഘനമാണെന്നാണ് ആരോപണം.

കൊച്ചി മുണ്ടംവേലിയിൽ നിർമിച്ച പി ആൻഡ് ടി ഫ്ലാറ്റുകൾ ചോർച്ചയും മറ്റ് തകരാറുകളും കാരണം താമസയോഗ്യമല്ലാതായതായാണ് പരാതി. ഗുണഭോക്താക്കൾ താമസം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഫ്ലാറ്റുകളിൽ ചോർച്ചയടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായതോടെ താമസക്കാർ ദുരിതത്തിലായി.

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനും സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.

You may also like