തൃശൂർ: ഗ്യാസ് സിലിണ്ടറിൽ നിന്ന് ചോർന്ന വാതകം തീപിടിച്ചതിനെ തുടർന്ന് തൊട്ടാപ്പിലെ ചായക്കട പൂർണമായും കത്തി നശിച്ചു. തൊട്ടാപ്പ് പൊതുസ്മശാനത്തിന് സമീപം ഐനിക്കൽ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടെ സിലിണ്ടറിലെ വാഷറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ഗ്യാസ് ചോർന്നതാണ് തീപിടിത്തത്തിന് കാരണമായത്. സമീപത്ത് കത്തിക്കൊണ്ടിരുന്ന മറ്റൊരു ഗ്യാസ് അടുപ്പിൽ നിന്ന് ചോർന്ന ഗ്യാസിലേക്ക് തീ പടരുകയായിരുന്നു.
കടയ്ക്കുള്ളിൽ ഗ്യാസ് നിറഞ്ഞുനിന്നിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. ഓലമേഞ്ഞ ചായക്കട പൂർണമായും കത്തിനശിച്ചു.
സംഭവസമയത്ത് കടയ്ക്കുള്ളിലുണ്ടായിരുന്നവരും കടയുടമ ഇസ്മായിലും ഓടി രക്ഷപ്പെട്ടു. ഇസ്മായിലിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രവാസിയായിരുന്ന ഇസ്മായിൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ചായക്കട ആരംഭിച്ച് കച്ചവടം നടത്തിവരികയായിരുന്നു.
വിവരമറിഞ്ഞ് ഗുരുവായൂരിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
