ന്യൂഡൽഹി: സംഗീതസംവിധായകൻ ഇളയരാജയുടെ കോപ്പിറൈറ്റ് കേസിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനത്തിന്റെ വരികളുടെയും സൗണ്ട് റെക്കോർഡിങ്ങിന്റെയും പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിലാണ് ഇളയരാജയ്ക്ക് തിരിച്ചടി നേരിട്ടത്.
ഹൈക്കോടതി വിധിക്കെതിരെ ഇളയരാജ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ തള്ളിയത്.
ഇളയരാജയിൽ നിന്ന് ലൈസൻസ് നേടിയതിനെ തുടർന്ന് ഒരു കമ്പനി ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനത്തിന്റെ പുനരാവിഷ്കരിച്ച പതിപ്പ് യൂട്യൂബ് വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ‘മൂടു പനി’ സിനിമയുടെ നിർമാതാവിൽ നിന്ന് ഗാനത്തിന്റെ പ്രചാരണാവകാശം ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ‘സാരേഗമ’ രംഗത്തെത്തി.
ഇതിനെ തുടർന്നാണ് ഇളയരാജ സാരേഗമയ്ക്കെതിരെ കോടതിയെ സമീപിച്ചത്. ഗാനത്തിന്റെ ഈണത്തിലും സംഗീത ഘടകങ്ങളിലും മാത്രമാണ് ഇളയരാജയ്ക്ക് അവകാശമുള്ളതെന്നും, ഗാനത്തിന്റെ വരികളിലും സൗണ്ട് റെക്കോർഡിങ്ങിലും അദ്ദേഹത്തിന് പകർപ്പവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി സാരേഗമയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.
ഈ വിധിക്കെതിരെയാണ് ഇളയരാജ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അപ്പീൽ തള്ളുകയായിരുന്നു.
