തിരുവനന്തപുരം: കേരളത്തിന് സമഗ്രമായ ഹെൽത്ത് ഡാറ്റ സംവിധാനം ആവശ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും വർധിച്ചിട്ടുണ്ടെന്നും ജീവിതശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. രോഗപ്രതിരോധത്തിനും രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ജീവിതരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് കൃത്യമായ മാർഗം കണ്ടെത്തണം. രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതും പ്രതിരോധിക്കുന്നതും ഉൾപ്പെടുത്തി കേരളത്തിൽ വലിയൊരു ക്യാംപെയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ വലിയൊരു ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പുറത്തുനിന്നും രോഗികൾ ചികിത്സയ്ക്കായി കേരളത്തിലെത്തുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഏറ്റവും വലിയ ഓർഗൺ ട്രാൻസ്പ്ലാന്റേഷൻ സെന്റർ വരാൻ പോവുകയാണെന്നും രണ്ട് വർഷത്തിനകം കേന്ദ്രം സജ്ജമാക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു.
