പാലക്കാട്: ജില്ലയിലെ സി.പി.എമ്മിൽ രൂക്ഷമായ വിഭാഗീയത പുകയുന്നതായും പ്രമുഖ നേതാക്കളിൽ ചിലർ റിയൽ എസ്റ്റേറ്റ് മാഫിയയായി അധഃപതിച്ചതായും പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വയംവിമർശനം. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അവതരിപ്പിച്ച റിപ്പോർട്ടിലാണ് പാർട്ടിയിലെ വീഴ്ചകളും ഗുരുതരമായ ആക്ഷേപങ്ങളും തുറന്നുസമ്മതിച്ചിരിക്കുന്നത്.
അട്ടപ്പാടി മേഖലയിലെ അനധികൃത ഭൂമി ഇടപാടുകളിൽ പാർട്ടി നേതാക്കൾക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ, സംശയനിഴലിലുള്ള നേതാക്കളുടെ സ്വത്തുവിവരങ്ങൾ പാർട്ടി പരസ്യമായി പുറത്തുവിടണമെന്നും ആവശ്യപ്പെടുന്നുണ്ട്. കോങ്ങാട്, തൃത്താല മണ്ഡലങ്ങളിലെ തോൽവിക്ക് കാരണം നേതാക്കൾക്കിടയിലെ ഈ വിനാശകരമായ വിഭാഗീയതയാണെന്ന് യോഗത്തിൽ പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുറ്റപ്പെടുത്തി. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രവർത്തനം തീർത്തും കാര്യക്ഷമമല്ലെന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
പാർട്ടിയിൽ അടിയന്തരമായി തെറ്റുതിരുത്തൽ നടപടികൾ വേണമെന്നും വിഭാഗീയത അവസാനിപ്പിക്കണമെന്നുമുള്ള നിർദ്ദേശം ഉയർന്നതോടെ പാലക്കാട് സി.പി.എമ്മിൽ വരും ദിവസങ്ങളിൽ വലിയ അഴിച്ചുപണിക്ക് കളമൊരുങ്ങുകയാണ്.
