Home Keralaപിഎം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട; വിവാദങ്ങൾ ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം

പിഎം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട; വിവാദങ്ങൾ ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം

by news_desk1
0 comments

മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ തിരക്കിട്ട് തുടർനടപടികൾ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം നിർദേശിച്ചു. വിഷയത്തിൽ കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. മലപ്പുറത്തെ വാഴയൂരിൽ നടന്ന നൂറുദിന അവലോകന യോഗത്തിലാണ് തീരുമാനം.

പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ യോഗത്തിൽ അറിയിച്ചെങ്കിലും തൽക്കാലം നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിർദേശം.

മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നൂറുദിന പ്രവർത്തനങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിൽ, മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങളോടും പൊതുവേദികളിലും സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലും ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഷാജിയുടെ ആഡംബരക്കാർ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശമെങ്കിലും ഷാജിയെ പേരെടുത്ത് പരാമർശിച്ചില്ല. ഷാജിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്ന് ആമുഖ പ്രസംഗത്തിൽ തങ്ങൾ ചോദിച്ചെങ്കിലും പിന്നീട് പ്രസംഗിച്ച ഷാജി വിഷയം പരാമർശിച്ചില്ല.

ഭരണപരിഷ്കാര കമ്മീഷൻ നിയമനം മുന്നണിയിൽ ചർച്ച ചെയ്ത് യോജിപ്പോടെ എടുത്ത തീരുമാനമാണെന്നും അതുമായി ബന്ധപ്പെട്ട വിവാദത്തിൽ കഴമ്പില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു. കോൺഗ്രസിലെ വിഭാഗീയതയുടെ ഭാഗമായാണ് വിവാദമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലും സംസ്ഥാനത്തും നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിദഗ്ധർ പങ്കെടുത്ത ഓറിയന്റേഷൻ ക്ലാസുകളും യോഗത്തോടനുബന്ധിച്ച് നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതി തയ്യാറാക്കാനും പാർട്ടി നിർദേശം നൽകി.

You may also like