ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ധാരാപുരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ധാരാപുരത്ത് നടന്ന യോഗത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് വിമർശനം.
ശനിയാഴ്ച ധാരാപുരത്തെ പെരിയാർ പ്രതിമയ്ക്ക് സമീപം ഉദയനിധി പങ്കെടുത്ത പൊതുയോഗത്തിലാണ് സംഭവമുണ്ടായതെന്ന് തിരുപ്പൂർ ജില്ലാ പൊലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
യോഗത്തിനിടെ ഉദയനിധി ഒരു കുട്ടിയെക്കൊണ്ട് സംസാരിപ്പിച്ചതായും മുഖ്യമന്ത്രി വിജയ്‌ക്കെതിരെ കുട്ടിയെക്കൊണ്ട് അധിക്ഷേപകരമായ പരാമർശം നടത്തിച്ചതായും റിപ്പോർട്ടുണ്ട്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ പേരോ പ്രായമോ സംബന്ധിച്ച വിവരങ്ങൾ പൊലീസ് പത്രക്കുറിപ്പിൽ നൽകിയിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിച്ചെങ്കിലും, വ്യക്തിയിൽനിന്നോ രാഷ്ട്രീയ പാർട്ടിയിൽനിന്നോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനിൽനിന്നോ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണോ നടപടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
