കൊച്ചി: ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ പിഎസ്‌സിയിൽ നടന്ന പരീക്ഷാ ക്രമക്കേടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാന പ്ലാനിങ് ബോർഡിലെ മൂല്യനിർണയ ക്രമക്കേട് കേസിൽ 58 ചോദ്യങ്ങളിൽ മാറ്റം വരുത്തിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുതന്നെയാണ് അഴിമതിയെന്നും പ്രത്യക്ഷത്തിൽ തന്നെ അഴിമതി നടന്നതായും ഹൈക്കോടതി നിരീക്ഷിച്ചു.
മൂല്യനിർണയം നടത്താതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് കോടതി വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിലെ 17 എ പ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി സൗകര്യാനുസരണം വ്യാഖ്യാനിക്കുകയാണെന്നും കോടതി വിമർശിച്ചു. അതേസമയം, പ്രാഥമിക അന്വേഷണത്തിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ ഡിജിപി കോടതിയെ അറിയിച്ചു.
അന്വേഷണവുമായി പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചപ്പോൾ, അന്വേഷണത്തിന് അനുമതിയില്ലെന്നായിരുന്നു പിഎസ്‌സിയുടെ അഭിഭാഷകന്റെ വാദം. എന്തുകൊണ്ടാണ് പിഎസ്‌സി അന്വേഷണവുമായി സഹകരിക്കാത്തതെന്ന് കോടതി ചോദിച്ചു. പിഎസ്‌സി അന്വേഷണവുമായി സഹകരിക്കണമെന്നും വസ്തുതകൾ അന്വേഷണ സംഘത്തെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.
പിഎസ്‌സി ക്രമക്കേടിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. നാട്ടിലെ യുവാക്കൾ സംരക്ഷിക്കപ്പെടണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പിഎസ്‌സിയുടെ ഹർജിയിൽ സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാന പ്ലാനിങ് ബോർഡ് മൂല്യനിർണയ കേസിലെ ക്രൈംബ്രാഞ്ച് നോട്ടീസ് ചോദ്യം ചെയ്താണ് സംസ്ഥാന പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നിലനിൽക്കില്ലെന്നതടക്കമുള്ള പരാമർശങ്ങളും ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നടത്തി.
പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള പരാതികൾ സംസ്ഥാന സർക്കാരിന് ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രമക്കേടിൽ പ്രാഥമികമായി തെളിവുകൾ ശേഖരിച്ചതിന് പിന്നാലെയാണ് എഫ്‌ഐആർ ഉൾപ്പെടെ രജിസ്റ്റർ ചെയ്തത്.
എന്നാൽ അന്വേഷണത്തിന്റെ തുടർനടപടികളിൽ പിഎസ്‌സി അംഗങ്ങളുടെ നിലപാട് വലിയ വെല്ലുവിളിയായി. അഞ്ച് അംഗങ്ങളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചെങ്കിലും ഓഫീസിൽ നേരിട്ടെത്തില്ലെന്നായിരുന്നു അവരുടെ മറുപടി. പിഎസ്‌സി ആസ്ഥാനത്ത് എത്തിയാൽ മൊഴി നൽകാമെന്നാണ് അംഗങ്ങളുടെ നിലപാട്.
