കോട്ടയം: കേരളത്തിലെ ഉത്സവവേദികളിൽ തലയെടുപ്പോടെ നിറഞ്ഞുനിന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന് കണ്ണീരോടെ വിട. കഴിഞ്ഞ ദിവസമാണ് ഇടിമിന്നലേറ്റ് ബ്രഹ്മദത്തൻ ചരിഞ്ഞത്. ആനപ്രേമികളെ കണ്ണീരിലാഴ്ത്തിയ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ തിങ്കളാഴ്ച വനംവകുപ്പിന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടവും സംസ്കാരവും നടത്തി.
പ്രിയപ്പെട്ട ബ്രഹ്മദത്തനെ അവസാനമായി കാണാൻ വിവിധയിടങ്ങളിൽ നിന്നുള്ള ആനപ്രേമികളും നാട്ടുകാരുമടക്കം നിരവധി പേരാണ് എത്തിയത്. ആനപ്രേമികൾ സ്നേഹത്തോടെ ‘പല്ലാട്ടെ കുട്ടി’ എന്ന് വിളിച്ചിരുന്ന ബ്രഹ്മദത്തനോട് അത്രത്തോളം അടുപ്പവും സ്നേഹവുമായിരുന്നു എല്ലാവർക്കും. ഇത്രയും സ്നേഹമുള്ള ആന വേറെയില്ലെന്നാണ് ആനപ്രേമികൾ പറയുന്നത്.
16 വർഷം മുമ്പാണ് ബ്രഹ്മദത്തൻ മേലംപാറയ പല്ലാട്ട് തറവാട്ടിൽ എത്തിയത്. കേരള ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് രാജേഷ് പല്ലാട്ടാണ് ഉടമ.
തൃശ്ശൂർ പൂരത്തിൽ പാറമേക്കാവിന്റെ തിടമ്പേറ്റിയിരുന്നത് ബ്രഹ്മദത്തനായിരുന്നു. ഏറ്റുമാനൂർ, വൈക്കം, തിരുനക്കര ക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളിലും സ്ഥിരസാന്നിധ്യമായിരുന്നു.
പ്രിയപ്പെട്ട ആനയുടെ വേർപാടിൽ പാപ്പാനും ഉടമയുമടക്കം കണ്ണീരിലായിരുന്നു. ഉത്സവപ്രേമികൾക്കും ആനപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട ബ്രഹ്മദത്തന്റെ വിയോഗം വലിയ നഷ്ടമായാണ് കാണുന്നത്.
