തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവ് മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പൊലീസ് പിടികൂടിയ അയൽവാസിയെ മർദിക്കുന്നത് തടഞ്ഞപ്പോൾ സജിയെ പൊലീസ് വളഞ്ഞിട്ട് മർദിച്ചെന്നാണ് ആരോപണം.
ഈ മാസം രണ്ടിനാണ് സംഭവം. പെരുങ്കുഴിയിലെ വിഘ്നേശ്വരന്റെ വീട്ടിൽനിന്ന് നാല് ലിറ്റർ വിദേശമദ്യം പൊലീസ് പിടികൂടിയത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലായിരുന്നു. ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലീസ് സംഘം വിഘ്നേശ്വരനെ മർദിച്ചെന്നും ഇത് തടയാൻ ശ്രമിച്ച സജിയെയും പൊലീസ് മർദിച്ചെന്നുമാണ് പരാതി. എട്ട് പൊലീസുകാർ വളഞ്ഞിട്ട് തല്ലുകയും നിലത്തുവീണപ്പോൾ ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തെന്നാണ് ആരോപണം.
തുടർന്ന് വിഘ്നേശ്വരനുമായി പൊലീസ് സംഘം മടങ്ങി. അവശനിലയിലായ സജിക്ക് രാത്രിയോടെ ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. രക്തം ഛർദിച്ചതിനെ തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മരുന്ന് നൽകി വീട്ടിലേക്ക് മടക്കി. ഇന്ന് പുലർച്ചെയോടെ സജി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
