പത്തനംതിട്ട: പന്തളം കുമ്പമണ്ണിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയും ചെയ്ത കേസിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന ഒരു പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ സംഘം യുവാവിനെ വിളിച്ചിറക്കി കൊണ്ടുപോയി ഒന്നാം പ്രതി ദീപക്കിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ് പരാതി. ക്രിമിനൽ സംഘത്തിലെ ഒരാളുടെ ഭാര്യയോട് യുവാവ് മോശമായി സംസാരിച്ചെന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് സൂചിപ്പിച്ചു.
ദീപക്, സജു, ജോമോൻ, അഭിജിത് എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ ശരീരത്തിൽ സിറിഞ്ചിൽ വെള്ളം നിറച്ച് കുത്തിവയ്ക്കുകയും നഖം പിഴുതെടുക്കുകയും ആയുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പലയിടങ്ങളിൽ നിന്നാണ് പന്തളം പൊലീസ് പ്രതികളെ പിടികൂടിയത്. വീടിന്റെ മച്ചിൽ ഒളിച്ചിരുന്ന ജോമോനെ പൊലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.
