കൊച്ചി: കാപ്പാ കേസിൽ കരുതൽ തടങ്കലിലായിരുന്ന ബിജെപി കൗൺസിലർ ആർ സുഗതന് തുണയായത് നടപടിക്രമങ്ങളിലെ വീഴ്ചകളെന്ന് ഹൈക്കോടതി. കാപ്പാ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും മുൻ കേസുകളിൽ അനുവദിച്ച ജാമ്യവ്യവസ്ഥകൾ ജില്ലാ കളക്ടർ കൃത്യമായി പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്രൈം 1687/2019ൽ സുഗതന്റെ പരാതിയിൽ ഒരു കൗണ്ടർ കേസ് നിലവിലുണ്ടെന്ന കാര്യം കാപ്പാ ഉത്തരവിൽ പരാമർശിച്ചിട്ടില്ല. ക്രൈം 677/2023ൽ ജാമ്യം റദ്ദാക്കുന്നതിനുള്ള ഹർജി തിരിച്ചയച്ചതാണെങ്കിലും അത് ഇപ്പോഴും പെൻഡിങ്ങാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ക്രൈം 723/2025ൽ പരാതിക്കാരൻ ഒത്തുതീർപ്പ് ഹർജി നൽകി കേസ് പിൻവലിച്ച വിവരവും ഉത്തരവിൽ പരിഗണിച്ചില്ല. ക്രൈം 334/2026ൽ മുൻകൂർ ജാമ്യത്തിന് സമയം നീട്ടി നൽകിയ ഉത്തരവും നടപടികൾ സ്റ്റേ ചെയ്ത ഉത്തരവും കണക്കിലെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
തടവുകാരന് നൽകിയ രേഖകളിൽ പല പേജുകളും കാണാനില്ലെന്നും പല രേഖകളും വായിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും കോടതി കണ്ടെത്തി. ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.
സർക്കാരിനും അഡ്വൈസറി ബോർഡിനും മുന്നിൽ കൃത്യമായ പ്രാതിനിധ്യം നൽകാനുള്ള തടവുകാരന്റെ അവകാശമാണ് ഇതിലൂടെ ലംഘിക്കപ്പെട്ടത്. കരുതൽ തടങ്കൽ ചോദ്യംചെയ്ത് സുഗതൻ നൽകിയ നിവേദനം പരിഗണിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയെന്നും ഹൈക്കോടതി പറഞ്ഞു.
തടവുകാരൻ നൽകിയ നിവേദനം പരിഗണിക്കാതിരുന്നാൽ കരുതൽ തടങ്കൽ റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിവേദനം പരിഗണിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതായും കോടതി നിരീക്ഷിച്ചു.
