തൃശൂർ: കെഎസ്ആർടിസിയുടെ പ്രിയദർശിനി റൂട്ടുകളിലെ സൗജന്യ സർവീസുകൾക്കെതിരെ സ്വകാര്യ ബസ് ഉടമകൾ. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് സർക്കാർ അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
കെഎസ്ആർടിസി നടത്തുന്ന പ്രിയദർശിനി സൗജന്യ സർവീസുകൾ കാരണം സ്വകാര്യ ബസ് വ്യവസായം വലിയ തകർച്ച നേരിടുകയാണെന്നാണ് ഉടമകളുടെ ആരോപണം. വർഷങ്ങളായി സർവീസ് നടത്തുന്ന റൂട്ടുകളിൽ പോലും സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തവിധം പ്രതിസന്ധി രൂക്ഷമായെന്നും അവർ പറഞ്ഞു.
ഡീസൽ വിലയും മറ്റ് അനുബന്ധ ചെലവുകളും കുത്തനെ ഉയർന്നിട്ടും 14 വർഷമായി വിദ്യാർഥികളുടെ യാത്രാക്കൂലി നിരക്കിൽ മാറ്റമില്ലെന്നും ബസുടമകൾ ചൂണ്ടിക്കാട്ടി. നിരക്ക് പരിഷ്കരണ കാര്യത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. രണ്ടാംഘട്ടമായി ഒക്ടോബർ അവസാനത്തോടെ സംഘടനാ ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും.
ഈ പ്രതിഷേധങ്ങൾക്കുശേഷവും സർക്കാർ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ സംയുക്ത സമരസമിതിയിലെ മറ്റ് സംഘടനകളുമായി ആലോചിച്ച് നവംബർ ആദ്യവാരത്തോടെ ബസ് സർവീസുകൾ നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ കെ.കെ. തോമസ്, ഹംസ എറിക്കുന്നൻ, എം.എസ്. പ്രേംകുമാർ, സി. മനോജ് കുമാർ, കെ. സത്യൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
