കണ്ണൂർ: കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നും അതിന് തറക്കല്ലിട്ട ശേഷമല്ലാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന് എയിംസ് ലഭിക്കുമെന്നത് താൻ നൽകിയ വാക്കാണെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ ഉറപ്പുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് സ്ഥലങ്ങളുടെ പ്രൊപ്പോസൽ സംസ്ഥാന സർക്കാർ ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രൊപ്പോസൽ ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത് മുൻഗണന സംബന്ധിച്ച കാര്യങ്ങളാണെന്നും അതിന് ഹൈക്കോടതി മറുപടി നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കോടതി ജനങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക സർവകലാശാലയുടെ തൃശൂരിലെ ഭൂമി ഉൾപ്പെടെ എയിംസിനായി പരിഗണിക്കാവുന്ന സ്ഥലങ്ങൾ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഇക്കാര്യം കെ. മുരളീധരനോട് താൻ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇത്തരം പ്രൊപ്പോസലുകളൊന്നും കേരളം ഇതുവരെ കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു.
