തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള ചരിത്രപ്രസിദ്ധമായ വിഗ്രഹഘോഷയാത്ര പുറപ്പെട്ടു. കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ നടന്ന പരമ്പരാഗത ചടങ്ങിൽ തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാൾ ദേവസ്വം മന്ത്രി കെ. മുരളീധരൻ ഏറ്റുവാങ്ങി ആചാരപ്രകാരം കൈമാറി. തിരുവിതാംകൂറിന്റെ പാരമ്പര്യവും വിശ്വാസവും വിളിച്ചോതുന്ന ചടങ്ങുകൾക്കുശേഷമാണ് ഘോഷയാത്ര തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.
ജനപ്രതിനിധികൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികൾ, കേരളത്തിലെയും തമിഴ്‌നാട്ടിലെയും സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇരു സംസ്ഥാനങ്ങളിലെയും സായുധ പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷമായിരുന്നു ഘോഷയാത്രയുടെ പുറപ്പാട്.
തേവാരക്കെട്ട് സരസ്വതി ദേവി, വേളിമല കുമാരസ്വാമി, മുന്നൂറ്റിനങ്ക ദേവി എന്നീ മൂന്ന് വിഗ്രഹങ്ങളും ഒരുമിച്ച് പ്രയാണം തുടങ്ങിയതോടെ വഴിനീളെ ഭക്തിനിർഭരമായ അന്തരീക്ഷമാണ്. ശനിയാഴ്ച ഉച്ചയോടെ കളിയിക്കാവിളയിലെത്തുന്ന ഘോഷയാത്രയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. ഞായറാഴ്ച വൈകുന്നേരത്തോടെ വിഗ്രഹങ്ങൾ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെത്തും.
തുടർന്ന് വിഗ്രഹങ്ങൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പൂജയ്ക്കിരുത്തുന്നതോടെ തലസ്ഥാനത്തെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകും. പൂജകൾ പൂർത്തിയാക്കിയ ശേഷം ഒക്ടോബർ 23-നാണ് വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത്.
