ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയാണ് കേരള ഹൗസിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
എം.എ. ബേബി, ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളും പൊലീസ് നടപടിയിൽ കസ്റ്റഡിയിലായി. മാർച്ചിനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു നടപടി.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തടഞ്ഞത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഏകദേശം 13 കോടി ആളുകളുടെ വോട്ടവകാശം കേന്ദ്രത്തിന്റെ താൽപര്യങ്ങൾക്കായി നിഷേധിച്ചുവെന്നും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
കേരളത്തിലെ സാഹചര്യങ്ങളുമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) ബന്ധമുണ്ടോയെന്ന ചോദ്യത്തിന്, എസ്ഐആർ നടപ്പാക്കിയ എല്ലാ സ്ഥലങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യത്തിന്റെ തലസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത് എന്തിനാണെന്ന് കേന്ദ്രത്തോട് പിണറായി വിജയൻ ചോദിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ഹനിക്കരുതെന്ന് സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ജനാധിപത്യത്തോട് ബഹുമാനമില്ലാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടി രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
