തിരുവനന്തപുരം: രാജ്യത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പദവിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഔദ്യോഗിക പ്രമേയം പാസാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ കമ്മീഷന്റെ വിശ്വാസ്യത തന്നെ പൂർണ്ണമായും തകർത്തെന്ന് വ്യക്തമാക്കിയാണ് നിയമസഭ ചരിത്രപരമായ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എൽ.ഡി.എഫ് – യു.ഡി.എഫ് അംഗങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു. സഭയിലുണ്ടായിരുന്ന മൂന്ന് ബി.ജെ.പി അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ ശക്തമായി എതിർത്തത്. വോട്ടർ പട്ടിക പരിഷ്കരണത്തിലെ (എസ്.ഐ.ആർ) ഗുരുതരമായ അപാകതകൾ കാരണം ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരാണ് പട്ടികയിൽ നിന്ന് പുറത്തായത്. ഈ നടപടികൾ സുതാര്യമാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണ പരാജയമാണെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.
ഗ്യാനേഷ് കുമാറിനെ ഉടൻ പദവിയിൽ നിന്ന് നീക്കണമെന്നും, കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്ന ഇപ്പോഴത്തെ രീതി അടിമുടി മാറ്റണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കൂടി ഉൾപ്പെടുത്തി ഉന്നതതല തെരഞ്ഞെടുപ്പ് സമിതി പുനഃസംഘടിപ്പിക്കണമെന്നും, ഇതിനാവശ്യമായ നിയമനിർമ്മാണ നടപടികൾ കേന്ദ്ര സർക്കാർ അടിയന്തരമായി കൈക്കൊള്ളണമെന്നുമാണ് കേരളത്തിൻ്റെ ആവശ്യം. എന്നാൽ ഗ്യാനേഷിന് കീഴിൽ തെരഞ്ഞെടുപ്പ് അട്ടിമറിയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയർത്തിയാണ് ബി.ജെ.പി അംഗങ്ങൾ സഭയിൽ എതിർപ്പ് രേഖപ്പെടുത്തിയത്.
