പത്തനംതിട്ട: അടൂരിലെ സംഘർഷത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ അതൃപ്തി ശക്തമാകുന്നു. ലൈംഗികപീഡനക്കേസുകളിൽ പ്രതിയായതിനെ തുടർന്ന് പാർട്ടി നടപടി നേരിട്ട രാഹുലിന്റെ ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്നാണ് പത്തനംതിട്ട ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ നിലപാട്. രാഹുലിനെ പിന്തുണച്ച ഡിസിസി പ്രസിഡന്റിനെതിരെയും വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ യൂത്ത് കോൺഗ്രസിലും രാഹുലിനെതിരെ പ്രതിഷേധം ശക്തമാണ്.
ഏഴംകുളത്ത് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ദില്ലി പ്രതിഷേധ പരിപാടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂവിവിളിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. പിന്നാലെ ഡിവൈഎഫ്‌ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സംഘം അടൂർ ജനറൽ ആശുപത്രിയിൽ കഴിയുകയായിരുന്ന എസ്‌എഫ്‌ഐ പ്രവർത്തകരെ മർദിച്ചെന്നാണ് ആരോപണം. തുടർന്ന് സ്വകാര്യ ആശുപത്രിക്ക് മുന്നിലും സംഘർഷമുണ്ടായി. രാഹുലിന്റെ നേതൃത്വത്തിൽ ആസൂത്രിതമായാണ് പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയതെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
അതേസമയം, തന്റെ സഹപ്രവർത്തകരെ ആക്രമിച്ചാൽ ഇടപെടാതിരിക്കാനാവില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണം. എന്നാൽ, സംഭവത്തിലെ രാഹുലിന്റെ ഇടപെടലിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തന്നെ അതൃപ്തി ഉയർന്നത് പാർട്ടിക്ക് പുതിയ തലവേദനയായിരിക്കുകയാണ്.
