കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഹർജിക്കാരനായ കെ.എം. ഷാജഹാന്റെ വിശ്വാസ്യത ചോദ്യം ചെയ്ത സർക്കാർ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകൾ അപര്യാപ്തമായതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിച്ചതെന്നും വ്യക്തമാക്കി. അതേസമയം, വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി അപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു.
ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ സർക്കാർ കോടതിയിൽ രൂക്ഷ വിമർശനമുന്നയിച്ചു. കോടതി അലക്ഷ്യ നടപടികൾ നേരിടുന്നയാളായ ഷാജഹാൻ വിശ്വാസ്യതയുള്ള ഹർജിക്കാരനല്ലെന്നാണ് സർക്കാരിന്റെ വാദം. അതേസമയം, ഹർജിക്ക് പൊതുതാൽപര്യ സ്വഭാവമുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ചിന് മുന്നിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ കോടതി ഉത്തരവില്ലെങ്കിലും ഗുരുതരമായ കുറ്റകൃത്യത്തിന്റെ സൂചനകളുണ്ടെങ്കിൽ വിജിലൻസിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ എതിർക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
സിംഗിൾ ബെഞ്ച് ഉത്തരവിനെ സർക്കാർ പിന്തുണയ്ക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി. എന്നാൽ, പ്രാഥമിക അന്വേഷണമാണ് നിലപാടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് സർക്കാർ വിശദീകരണം നൽകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലളിതകുമാരി കേസിലെ വിധിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ചിന്റെ വിധി സർക്കാരിന് എതിരാണെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, അങ്ങനെയെങ്കിൽ സർക്കാർ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്നും ചോദിച്ചു.
കേസിൽ വിജിലൻസിന്റെ തുടർനടപടികൾക്കും സർക്കാരിന്റെ നിലപാടിനും നിർണായകമാകുന്ന കോടതി നിരീക്ഷണങ്ങൾക്കിടെ, അപ്പീൽ അനുമതി അപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചിരിക്കുകയാണ്.
