ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് മലയാളി വിദ്യാർഥിനി ആതിര വിജയന്റെ വെളിപ്പെടുത്തൽ. മുഖത്തും നെഞ്ചിലും അടിവയറ്റിലും സ്വകാര്യഭാഗങ്ങളിലും മർദനമേറ്റതായും ശക്തമായ അടിയേറ്റ് കേൾവിശക്തി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ദേഹമാസകലം പരുക്കേറ്റ ആതിര ഡൽഹിയിലെ ഹാർഡിഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.
ഡൽഹി സർവകലാശാലയിലെ നിയമവിദ്യാർഥിനിയും എൻഎസ്യു പ്രവർത്തകയുമായ ആതിര വിജയൻ കോഴിക്കോട് പുല്ലാളൂർ സ്വദേശിയാണ്. കൊണാട്ട് പ്ലേസിൽ എൻഎസ്യു നടത്തിയ മിന്നൽ പ്രതിഷേധത്തിനിടെയാണ് ആതിരയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മർദിച്ചെന്നാണ് വിദ്യാർഥിനിയുടെ ആരോപണം.
വനിതാ കോൺസ്റ്റബിൾമാരോട് തങ്ങളെ സി.സി.ടി.വി നിരീക്ഷണമില്ലാത്ത സ്ഥലത്തേക്ക് മാറ്റിനിർത്തി മർദിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ചതായി ആതിര പറയുന്നു. മുഖത്ത് ഇടിക്കുകയും ഇരുകവിളുകളിലും മാറിമാറി അടിക്കുകയും ചെയ്തു. മർദനം നിർത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരുടെ കാലിൽ വീണ് അപേക്ഷിച്ചിട്ടും നെഞ്ചിലും അടിവയറ്റിലും സ്വകാര്യഭാഗങ്ങളിലും തുടർച്ചയായി ചവിട്ടിയെന്നാണ് ആതിരയുടെ വെളിപ്പെടുത്തൽ.
കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മനുഷ്യരായി പോലും പരിഗണിക്കാതെയാണ് പൊലീസ് മർദിച്ചതെന്ന് ആതിര മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധിയും പൊലീസ് നടപടിയെ വിമർശിച്ചു.
