തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ നിയമസഭയിൽ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകളാണ് സംസ്ഥാനത്തിന് മുന്നിലുള്ള പ്രധാന പ്രതിസന്ധിയെന്നും മന്ത്രി അറിയിച്ചു. അതേസമയം, പദ്ധതി നടപ്പാക്കാത്തതിനെത്തുടർന്ന് വിവിധ വിദ്യാഭ്യാസ പദ്ധതികൾക്കായി ലഭിക്കേണ്ട 1607.19 കോടി രൂപയുടെ കേന്ദ്രവിഹിതം തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ളവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. പൊതുതാൽപര്യം മുൻനിർത്തി 30 ദിവസത്തെ നോട്ടിസ് നൽകി കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പിന് മാത്രമാണെന്നാണ് മുൻ സർക്കാർ ഒപ്പുവച്ച ധാരണാപത്രത്തിൽ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
കരാറിലെ വ്യവസ്ഥകളിൽ മാറ്റമോ പരിഷ്കരണമോ വരുത്തണമെങ്കിൽ ഇരുകക്ഷികളുടെയും പരസ്പര സമ്മതം ആവശ്യമാണ്. കഴിഞ്ഞ സർക്കാർ ഒപ്പുവച്ച ധാരണാപത്രത്തിൽനിന്ന് സംസ്ഥാനത്തിന് പിന്മാറാനുള്ള വ്യവസ്ഥയില്ലാത്തതാണ് നിലവിലെ സർക്കാരിന് വെല്ലുവിളിയാകുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാത്തതിനാൽ സമഗ്രശിക്ഷാ കേരളം, പിഎം ജൻമൻ, ഡിഎഡെഡിയുഎ, ഡയറ്റ്സ് ഓഫ് എക്സലൻസ് തുടങ്ങിയ പദ്ധതികൾക്കായി ലഭിക്കേണ്ട കേന്ദ്രവിഹിതം തടഞ്ഞുവച്ചിരിക്കുകയാണ്. 2023-24 സാമ്പത്തിക വർഷം മുതൽ ഈ ഇനങ്ങളിലായി 1607.19 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
