തിരുവനന്തപുരം: പത്ത് വർഷത്തോളം ആരോഗ്യവകുപ്പിനെ വിമർശിച്ച തനിക്ക്, ആ വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോഴാണ് വിമർശനങ്ങൾ നേരിടുന്നതിന്റെ യഥാർഥ പ്രയാസം മനസ്സിലായതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ യുവ ഡോക്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“കല്ലെറിയുന്നവർക്ക് അത് വളരെ എളുപ്പമാണ്. പത്ത് വർഷം ഞാനും സുഖമായി കല്ലെറിഞ്ഞ ഒരാളാണ്. എന്നാൽ ആ ഏറ് ഇങ്ങോട്ട് കിട്ടുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാകുന്നത്,” എന്നായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചിൽ.
ഡോക്ടർമാരായി ജോലിയിൽ പ്രവേശിക്കുമ്പോൾ പലതരത്തിലുള്ള വിമർശനങ്ങളും പരാതികളും നേരിടേണ്ടിവരുമെന്ന് അദ്ദേഹം യുവ ഡോക്ടർമാരെ ഓർമിപ്പിച്ചു. “നിങ്ങൾക്ക് നേരെ കല്ലെറിയാൻ പത്തുപേരുണ്ടാകും. എത്ര ആത്മാർഥമായി ജോലി ചെയ്താലും വിമർശനങ്ങൾ ഒഴിവാക്കാനാകില്ല,” എന്നും മന്ത്രി പറഞ്ഞു.
ചികിത്സാപിഴവ് ആരോപണങ്ങളും മരുന്നുകളുടെയും ചികിത്സാ സൗകര്യങ്ങളുടെയും കുറവുകളും സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെ നിരന്തരം പൊതുചർച്ചകളിൽ നിലനിർത്തുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം. ചികിത്സാപിഴവുകളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വലിയ ശ്രദ്ധ ലഭിക്കുന്ന കാലമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ചികിത്സാപിഴവുകൾ സംഭവിച്ചാൽ അവ മറച്ചുവെക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. പകരം സുതാര്യത പാലിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം. വിമർശനങ്ങളെ നേരിടുന്നതിനൊപ്പം ചികിത്സാരംഗത്തെ വീഴ്ചകൾ തിരുത്താനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും യുവ ഡോക്ടർമാർ തയ്യാറാകണമെന്ന സന്ദേശവും അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നു.
