Home Tourismട്രെയിൻ യാത്ര ഇനി കാഴ്ചയുടെ വിരുന്നാകും; കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് ഗുരുവായൂർ–മധുര എക്സ്പ്രസിൽ

ട്രെയിൻ യാത്ര ഇനി കാഴ്ചയുടെ വിരുന്നാകും; കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് ഗുരുവായൂർ–മധുര എക്സ്പ്രസിൽ

by news_desk1
0 comments

കൊല്ലം: മലനിരകളും പുഴകളും പ്രകൃതിഭംഗിയും ആസ്വദിച്ച് ഇനി കേരളത്തിലും വിസ്റ്റാഡോം കോച്ചിൽ ട്രെയിൻ യാത്ര ചെയ്യാം. കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് ഗുരുവായൂർ–മധുര എക്സ്പ്രസിൽ ഒക്ടോബർ 22 മുതൽ ലഭ്യമാകും. ജനുവരി പകുതി വരെ നിശ്ചിത ദിവസങ്ങളിലാണ് ഈ സൗകര്യം യാത്രക്കാർക്ക് ഉപയോഗിക്കാനാവുക.

വലിയ ഗ്ലാസ് ജനാലകളിലൂടെ പുറത്തുള്ള കാഴ്ചകൾ തടസ്സമില്ലാതെ ആസ്വദിക്കാമെന്നതാണ് വിസ്റ്റാഡോം കോച്ചിന്റെ പ്രധാന ആകർഷണം. ചില കോച്ചുകളിൽ ഗ്ലാസ് മേൽക്കൂരയുമുണ്ടാകും. എല്ലാ ദിശകളിലേക്കും തിരിക്കാവുന്ന സീറ്റുകളും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ചിത്രങ്ങളായി പകർത്താനുള്ള സൗകര്യവും യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കും.

മധുരയിൽനിന്ന് ഗുരുവായൂരിലേക്കുള്ള 16327-ാം നമ്പർ ട്രെയിനിൽ ഒക്ടോബർ 22 മുതൽ ജനുവരി 15 വരെയും ഗുരുവായൂരിൽനിന്ന് മധുരയിലേക്കുള്ള 16328-ാം നമ്പർ ട്രെയിനിൽ ഒക്ടോബർ 23 മുതൽ ജനുവരി 16 വരെയും നിശ്ചിത ദിവസങ്ങളിൽ വിസ്റ്റാഡോം കോച്ച് ലഭ്യമാകും.

പുനലൂർ, കൊട്ടാരക്കര വഴിയുള്ള മധുര–ഗുരുവായൂർ റെയിൽപാതയിലെ യാത്ര കൂടുതൽ ആകർഷകമാക്കാനും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം യാത്രക്കാർക്ക് അടുത്തറിയാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. വിനോദസഞ്ചാര മേഖലയ്ക്കും റെയിൽവേ യാത്രയ്ക്കും ഒരുപോലെ ഗുണകരമാകുന്ന നീക്കമാണിത്.

തന്റെ നിരന്തര ഇടപെടലുകളെത്തുടർന്നാണ് എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ്, ദക്ഷിണ റെയിൽവേ എന്നിവയുടെ തലങ്ങളിൽ ഈ ആവശ്യം ഉന്നയിച്ച് ഇടപെടലുകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ റെയിൽവേ വികസനത്തിനും വിനോദസഞ്ചാര വളർച്ചയ്ക്കും സഹായകരമായ കൂടുതൽ പദ്ധതികൾക്കായി പ്രവർത്തനം തുടരുമെന്നും യാത്രക്കാരുടെ ആവശ്യങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും എംപി വ്യക്തമാക്കി.

You may also like