Home Keralaലോക്ഭവനിലെ മാംസാഹാര വിലക്ക് കാവി അജണ്ടയുടെ തുടക്കമെന്ന് കെ.സി. വേണുഗോപാൽ

ലോക്ഭവനിലെ മാംസാഹാര വിലക്ക് കാവി അജണ്ടയുടെ തുടക്കമെന്ന് കെ.സി. വേണുഗോപാൽ

by news_desk1
0 comments

തിരുവനന്തപുരം: കേരളത്തിന്റെ സമ്മിശ്ര ഭക്ഷണസംസ്കാരത്തെ പോലും നിയന്ത്രിക്കാനുള്ള നീക്കമാണോ ലോക്ഭവനിലെ മാംസാഹാര നിരോധനം? ഗവർണറായി ഓം പ്രകാശ് മാഥുർ ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുമ്പ് ലോക്ഭവനിൽ മാംസാഹാരത്തിന് വിലക്കേർപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. കേരളത്തിന്റെ സാമൂഹിക സാഹചര്യം മനസ്സിലാക്കാതെയുള്ള കടന്നുകയറ്റമാണിതെന്നും സംഘപരിവാറിന്റെ കാവി അജണ്ട സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സമ്മിശ്രമായ ഭക്ഷണസംസ്കാരമാണ് കേരളത്തിന്റേതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. തീരദേശ സംസ്ഥാനമായ കേരളത്തിൽ മത്സ്യസമ്പത്ത് ധാരാളമുണ്ട്. ഓരോ വ്യക്തിക്കും തനിക്ക് ഇഷ്ടമുള്ള ഭക്ഷണരീതി പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. മലയാളികൾ കാലങ്ങളായി ശീലിച്ച ഭക്ഷണരീതികൾക്ക് വിലക്കേർപ്പെടുത്താനോ ഇനി എന്ത് കഴിക്കണമെന്ന് നിർദേശിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണശീലങ്ങളിൽ പോലും കടന്നുകയറി മലയാളിയുടെ ജീവിതരീതികളെ നിയന്ത്രിക്കാനുള്ള നീക്കം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. ഭരണഘടനാപദവിയിലിരിക്കുന്ന ഒരാൾ സ്വന്തം ഭക്ഷണരീതി മറ്റുള്ളവരും പിന്തുടരണമെന്ന് നിർബന്ധിക്കുന്നത് അംഗീകരിക്കാനാവില്ല. അധികാരം ഉപയോഗിച്ച് വ്യക്തിസ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം വിമർശിച്ചു.

വെജിറ്റേറിയനായ ഗവർണർ സ്വന്തം ഭക്ഷണക്രമം പിന്തുടരുന്നതിൽ ആർക്കും എതിർപ്പില്ലെന്നും എന്നാൽ, മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ ജോലി ചെയ്യുന്ന ലോക്ഭവനിലെ അടുക്കള ഗവർണറുടെ പ്രത്യേക താൽപര്യങ്ങൾക്കനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്ന നിയന്ത്രണം അംഗീകരിക്കാനാവില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചവർ ഇപ്പോൾ പൗരന്മാരുടെ ഭക്ഷണസ്വാതന്ത്ര്യത്തിനു നേരെയും തിരിയുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സംഘപരിവാർ നടപ്പാക്കുന്ന ഇത്തരം നയങ്ങൾ ലോക്ഭവനിൽ ഒതുങ്ങാതെ മറ്റ് കേന്ദ്രങ്ങളിലേക്കും വ്യാപിക്കാമെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

You may also like